രാഷ്ട്രപതിയുടെ പ്രസംഗം; സോണിയയുടെ പ്രതികരണം വിവാദമാക്കി ബിജെപി
Saturday, February 1, 2025 3:10 AM IST
ന്യൂഡൽഹി: പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു രാഷ്ട്രപതി ദ്രൗപദി മുർമു നടത്തിയ പ്രസംഗത്തെ വിമർശിച്ച് കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷയും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധി നടത്തിയ പരാമർശം വലിയ വിവാദമാക്കി ബിജെപി.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുശേഷം പാര്‍ലമെന്റിനു പുറത്തെത്തിയപ്പോഴായിരുന്നു സോണിയയുടെ വിവാദ പ്രതികരണം. ""പ്രസംഗത്തിന്റെ അവസാനത്തോടെ രാഷ്ട്രപതി വളരെ ക്ഷീണിതയായിരുന്നു. അവര്‍ക്കു സംസാരിക്കാന്‍ പോലും കഴിയുമായിരുന്നില്ല, പാവം’’എന്നായിരുന്നു സോണിയയുടെ പ്രതികരണം. പ്രസംഗം മുഴുവൻ വ്യാജ വാഗ്ദാനങ്ങളായിരുന്നുവെന്നും ജനങ്ങളുടെ പ്രശ്നത്തെക്കുറിച്ചു സംസാരിച്ചില്ലെന്നും സോണിയ പറഞ്ഞു.
സോണിയയുടെ പ്രസംഗത്തിലെ "പാവം’ പരാമർശവും പ്രസംഗത്തെത്തുടർന്നു രാഷ്ട്രപതി ക്ഷീണിതയായെന്ന പ്രതികരണവുമാണ് ബിജെപിയുടെ പ്രതിഷേധത്തിനിടയാക്കിയത്. ഈ പരാമർശം പിന്നാക്ക വിഭാഗത്തിൽനിന്നുള്ള രാഷ്ട്രപതിയെ അപമാനിക്കാനാണെന്നുകൂടി ആരോപിച്ചതോടെ വിഷയം വലിയ വിവാദമായി മാറി.
വിഷയത്തിൽ രാഷ്ട്രപതിഭവൻ വിശദീകരണക്കുറിപ്പ് ഇറക്കുന്നതിലേക്കുവരെ കാര്യങ്ങളെത്തി. സോണിയയുടെ പരാമർശം രാഷ്ട്രപതിപദവിയുടെ അന്തസിനെ മുറിവേൽപ്പിക്കുന്നതാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും രാഷ്ട്രപതിഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പ്രസംഗത്തിന്റെ അവസാനമായപ്പോഴേക്കും സംസാരിക്കാൻ വളരെ ബുദ്ധിമുട്ടി രാഷ്ട്രപതി തളർന്നുപോയെന്ന പ്രസ്താവന കള്ളമാണെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചു. പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിനുവേണ്ടി സംസാരിക്കുന്പോൾ ഒരിക്കലും തളർന്നുപോകാൻ കഴിയില്ലെന്ന് രാഷ്ട്രപതി വിശ്വസിച്ചിരുന്നുവെന്ന് രാഷ്ട്രപതിഭവന്റെ പ്രസ്താവനയിൽ പറയുന്നു.
""രാജകുടുംബത്തിലെ ഒരംഗം ഒരു ആദിവാസി മകളെ പാവം എന്നു വിശേഷിപ്പിച്ചെ''ന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ പ്രതികരിച്ചത്. ദ്രൗപദി ഒരു ആദിവാസി കുടുംബത്തിൽനിന്നാണു വന്നതെന്നും പാർലമെന്റിൽ അവർ ഗംഭീരമായി പ്രസംഗിച്ചെന്നും മോദി പറഞ്ഞു. എന്നാൽ, രാജകുടുംബത്തിലെ അംഗങ്ങൾ അവരെ പരിഹസിച്ചുവെന്ന് മോദി പറഞ്ഞു.
പത്തു കോടി ആദിവാസികുടുംബങ്ങൾക്കും രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്കും ഇത് അപമാനകരമാണെന്നും ഡൽഹിയിലെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു.
ആളുകളെ അധിക്ഷേപിക്കാനും ഇന്ത്യയെ വിദേശരാജ്യങ്ങളിൽ അപകീർത്തിപ്പെടുത്താനും അർബൻ നക്സലുകളെക്കുറിച്ചു സംസാരിക്കാനും രാജകുടുംബത്തിന് താത്പര്യമാണെന്ന് മോദി പറഞ്ഞു. എന്നാൽ, സോണിയയുടെ പ്രസ്താവനകളെ പ്രതിരോധിച്ച് മകളും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി എംപി രംഗത്തെത്തി.
തന്റെ അമ്മയ്ക്ക് 78 വയസായെന്നും അവരുടെ പ്രസ്താവനകൾ രാഷ്ട്രപതിയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതല്ലായിരുന്നുവെന്നും പ്രിയങ്ക വിശദീകരിച്ചു. മാധ്യമങ്ങൾ അമ്മയുടെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നു. ഇത്രയും വലിയൊരു പ്രസംഗം വായിച്ചു രാഷ്ട്രപതി തളർന്നുപോയിട്ടുണ്ടാകുമെന്നാണ് അവർ ലളിതമായി പറഞ്ഞതെന്ന് പ്രിയങ്ക വിശദീകരിച്ചു.
എന്നാൽ, രാഷ്ട്രപതിയെ അപമാനിച്ച സോണിയ മാപ്പ് പറയണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. ആദ്യമായി ഒരു ആദിവാസി സ്ത്രീ രാഷ്ട്രപതിയായതു ദഹിക്കാത്ത ചിലർ അവരെ ദുർബലയെന്നു വിളിക്കുന്നുവെന്നും പ്രസ്താവനയിൽ സോണിയ മാപ്പ് പറയണമെന്നും പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
രാഷ്ട്രപതിയുടെ ആരോഗ്യത്തിൽ സോണിയ പ്രകടിപ്പിച്ച സഹാനുഭൂതി ബിജെപിയിലെ പലർക്കും ദഹിക്കുന്നില്ലെന്നായിരുന്നു ലോക്സഭയിലെ കോണ്‍ഗ്രസിന്റെ ഉപനേതാവ് ഗൗരവ് ഗൊഗോയിയുടെ പ്രതികരണം.
പാർലമെന്റിലെയും അയോധ്യയിലെ രാമക്ഷേത്രത്തിലെയും ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാതെ അപമാനിച്ചതിന് മറുപടി നൽകാൻ ബിജെപിയെ വെല്ലുവിളിക്കുകയാണെന്നും ഗൗരവ് പറഞ്ഞു.