മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നവീൻ ചൗള അന്തരിച്ചു
Sunday, February 2, 2025 3:18 AM IST
ന്യൂഡൽഹി: മുൻ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണർ നവിൻ ചൗള (79) അന്തരിച്ചു. ഡൽഹി അപ്പോളോ ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
അഗതികളുടെ അമ്മയായ വിശുദ്ധ മദർ തെരേസയുടെ ജീവചരിത്രകാരനായ നവീൻ ചൗള രാജ്യത്തെ മൂന്നാം ലിംഗക്കാർക്കു വോട്ടവകാശം ഉറപ്പാക്കിയ ആൾ എന്ന നിലയിലും ശ്രദ്ധേയനാണ്. തെരഞ്ഞെടുപ്പു കമ്മീഷണർ എന്ന പദവിയിലിരിക്കുന്പോൾ പക്ഷപാതിത്വം കാണിച്ചുവെന്ന ആരോപണം അദ്ദേഹം നേരിട്ടിരുന്നു.
1945 ജൂലൈ 30നാണു ജനനം. ഹിമാചൽപ്രദേശിലെ സനവാർ ലോറന്‍സ് സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ ചേർന്നു. തുടർന്ന് 1969ൽ സിവിൽ സർവീസിൽ എത്തി. ഡല്‍ഹി, ഗോവ, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം കേന്ദ്രത്തില്‍ തൊഴില്‍, ആഭ്യന്തര, വാര്‍ത്താവിനിമയ മന്ത്രാലയങ്ങളിലും പ്രവര്‍ത്തിച്ചു. 2005 മുതൽ നാലുവർഷം തെരഞ്ഞെടുപ്പു കമ്മീഷണറായും പ്രവർത്തിച്ചു. 2009 മുതൽ ഒരുവർഷം മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണർ സ്ഥാനവും വഹിച്ചു.
തെരഞ്ഞെടുപ്പു കമ്മീഷണറായിരിക്കെ 2009ൽ നവീൻ ചൗളയെ നീക്കം ചെയ്യാന്‍ അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ എന്‍. ഗോപാലസ്വാമി സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തതു വിവാദമായിരുന്നു.
ബിജെപി ആരോപണത്തെത്തുടർന്നുള്ള നിർദേശത്തിൽ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല. ഇക്കാര്യം ആവശ്യപ്പെട്ട് അന്നത്തെ പ്രതിപക്ഷ നേതാവായ എല്‍.കെ. അഡ്വാനിയുടെ നേതൃത്വത്തിൽ എംപിമാർ രാഷ്ട്രപതിക്കു നിവേദനം നൽകുകയും സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തുകയും ചെയ്തിരുന്നു.
നവീൻ ചൗള രചിച്ച മദർ തെരേസയുടെ ജീവചരിത്രം 1992ൽ ബ്രിട്ടനിലാണു പ്രകാശിതമായത്. നിരവധി ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ട പുസ്തകത്തിന്റെ ഒട്ടേറെ പതിപ്പുകളും പുറത്തിറങ്ങി. രഘു റായ്ക്കൊപ്പംചേർന്നു തയാറാക്കിയ ‘വിശ്വാസവും അനുകന്പയും: മദർ തെരേസയുടെ പ്രവൃത്തികളും ജീവിതവും’എന്ന പുസ്തകവും ഏറെ ശ്രദ്ധേയമായിരുന്നു.
മസ്തിഷ്ക ശസ്ത്രക്രിയയ്ക്കായാണ് നവീന്‍ ചൗളയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതെന്ന് മരണവാർത്ത എക്സിലൂടെ പങ്കുവച്ച മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ എസ്.വൈ. ഖുറേഷി അറിയിച്ചു.
നവീൻ ചൗളയുടെ സംസ്കാരം ഇന്നലെ വൈകുന്നേരം അഞ്ചിന് ഡൽഹി ഗ്രീന്‍പാര്‍ക്ക് ശ്മശാനത്തില്‍ നടത്തി.