കേന്ദ്ര ബജറ്റ്: നികുതിയിൽ ആദായവിപ്ലവം; കേരളത്തിനു നിരാശ, വയനാടിനും അവഗണന
Sunday, February 2, 2025 3:39 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: 12 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവരെ ആദായനികുതിയിൽനിന്ന് ഒഴിവാക്കിയ വന്പൻ പ്രഖ്യാപനവുമായി കേന്ദ്രബജറ്റിൽ മധ്യവർഗത്തിനു ബംപർ. റിബേറ്റ് അടക്കം 12.75 ലക്ഷം രൂപ വരെയുള്ളവർ ഇനി നികുതി അടയ്ക്കേണ്ട. എന്നാൽ, ജിഎസ്ടി നിരക്കുകളിൽ പ്രതീക്ഷിച്ച പരിഷ്കാരമുണ്ടായില്ല. കേരളത്തെ അവഗണിച്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗത്തിലുടനീളം ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിനായിരുന്നു പ്രത്യേക പരിഗണന.
ആണവമേഖലയിൽ സ്വകാര്യ പങ്കാളിത്തം, ഇൻഷ്വറൻസ് മേഖലയിൽ സന്പൂർണ വിദേശനിക്ഷേപം (എഫ്ഡിഐ പരിധി 74ൽനിന്ന് 100 ശതമാനമാക്കി) തുടങ്ങി ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്ന സുപ്രധാന നയതീരുമാനങ്ങളും നിർമലയുടെ എട്ടാമത്തെ ബജറ്റിലുണ്ട്. സ്വകാര്യ കന്പനികളുടെ പങ്കാളിത്തത്തോടെ 2047ഓടെ കുറഞ്ഞത് 100 ജിഗാവാട്ട് ആണവോർജം ഉത്പാദിപ്പിക്കുകയാണു ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ആണവോർജ നയപരിഷ്കാരങ്ങൾ ചരിത്രപരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.
കാൻസർ പോലുള്ള ഗുരുതര രോഗചികിത്സയ്ക്കുള്ള 36 ജീവൻരക്ഷാ മരുന്നുകൾക്ക് സന്പൂർണ നികുതിയിളവ് നൽകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതോടൊപ്പം 37 മരുന്നുകൾക്കും 13 രോഗീസഹായ പദ്ധതികൾക്കും നികുതി പാടെ ഒഴിവാക്കി. ആറ് ജീവൻക്ഷാ മരുന്നുകളുടെ നികുതി അഞ്ചു ശതമാനമായി കുറച്ചു.
പയർ വർഗങ്ങളുടെ ഉത്പാദനം കൂട്ടി സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ആറു വർഷത്തെ പദ്ധതി പ്രഖ്യാപിച്ചു. ഉത്പാദനം കുറഞ്ഞ 100 ജില്ലകൾക്കായി പിഎം ധൻ ധന്യ കൃഷി യോജന പദ്ധതിയാണു പുതിയ മറ്റൊന്ന്. കിസാൻ ക്രെഡിറ്റ് കാർഡിൽനിന്നുള്ള വായ്പാപരിധി മൂന്നിൽനിന്ന് അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി. ഇതൊഴികെ, കർഷകരുടെ വരുമാനവർധനയ്ക്കും കാർഷികോത്പന്നങ്ങളുടെ ന്യായവിലയ്ക്കും സഹായകമായ പദ്ധതികളോ, കാർഷിക കടാശ്വാസമോ ബജറ്റിലില്ല.
സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശരഹിത വായ്പയാണു മറ്റൊരു പ്രധാന തീരുമാനം. പത്ത് വർഷത്തിനുള്ളിൽ 100 ചെറുവിമാനത്താവളങ്ങൾ നിർമിക്കും. നിർമിതബുദ്ധിക്കായി 500 കോടി രൂപ മുടക്കി മികവിന്റെ കേന്ദ്രങ്ങൾ തുടങ്ങും. 2025 സാന്പത്തികവർഷത്തിലെ ധനക്കമ്മി ജിഡിപിയുടെ 4.8 ശതമാനമായും 2026 സാന്പത്തികവർഷത്തിൽ 4.4 ശതമാനമായും കുറയുമെന്ന് കണക്കാക്കിയിട്ടുണ്ട്.
സഖ്യകക്ഷിയായ ജെഡി-യു ഭരിക്കുന്ന ബിഹാറിനായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ മറ്റൊരു സഖ്യകക്ഷിയായ ടിഡിപി ഭരിക്കുന്ന ആന്ധ്രപ്രദേശിനെ തഴഞ്ഞതും ശ്രദ്ധേയമായി. പ്രത്യേക മഖാന (താമര വിത്ത്) ബോർഡ് സ്ഥാപിക്കൽ, പടിഞ്ഞാറൻ കോസി കനാലിനു സാന്പത്തിക സഹായം, പാറ്റ്ന ഐഐടി വികസനം എന്നിവയാണു കേന്ദ്രത്തിന്റെ ‘പ്യാരി ബിഹാർ’ പാക്കേജിലുള്ളത്.
ദരിദ്രർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ എന്നിവർക്കാണു ബജറ്റിൽ പ്രധാന പരിഗണനയെന്ന് ധനമന്ത്രി പറഞ്ഞു. സാന്പത്തിക വളർച്ചയുടെ പ്രധാന വഴികളായി കൃഷി, എംഎസ്എംഇ, നിക്ഷേപം, കയറ്റുമതി എന്നിവയ്ക്കാകും ഊന്നൽ. വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നതാണ് ബജറ്റെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
എന്നാൽ ബുധനാഴ്ച വോട്ടെടുപ്പു നടക്കുന്ന ഡൽഹിയിലെ ശന്പളക്കാരായ വോട്ടർമാരെയും മാസങ്ങൾക്കകം തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലെ വോട്ടർമാരെയും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയമാണു ബജറ്റിലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
ബജറ്റ് ഒറ്റനോട്ടത്തിൽ
☛ ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയർത്തി. സ്റ്റാൻഡാർഡ് ഡിഡക്ഷൻ കൂട്ടിയാൽ 12.75 ലക്ഷം രൂപ വരെ നികുതിയില്ല.
☛ പ്രതിരോധ മേഖലയ്ക്ക് 6.81 ലക്ഷം കോടി രൂപ.
☛ വീട്ടുവാടകയിലെ നികുതിയിളവ് പരിധി ആറു ലക്ഷമാക്കി.
☛ ആദായനികുതി അടയ്ക്കുന്നതിലെ കാലതാമസത്തിൽ ശിക്ഷാനടപടി ഉണ്ടാകില്ല.
☛ നവീകരിച്ച ഇൻകം ടാക്സ് റിട്ടേണുകൾ നല്കാനുള്ള കാലാവധി നാലു വർഷമാക്കി.
☛ മുതിർന്ന പൗരന്മാരുടെ ടിഡിഎസ് പരിധി ഒരു ലക്ഷമാക്കി ഉയർത്തി
☛ സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശരഹിത വായ്പ.
☛ 36 ജീവൻരക്ഷാ മരുന്നുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി.
☛ ഇൻഷ്വറൻസ് മേഖലയിൽ നേരിട്ടുള്ള വിദേശനിക്ഷേപം 74ൽനിന്ന് 100 ശതമാനമാക്കി ഉയർത്തി.
☛ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ രാജ്യത്തെ 100 ജില്ലകളിൽ പങ്കാളിത്തത്തോടെ പ്രൈം മിനിസ്റ്റർ ധൻ-ധാന്യ കൃഷി യോജന നടപ്പാക്കും.
☛ ആസാമിൽ 12.7 ലക്ഷം മെട്രിക് ടൺ ശേഷിയുള്ള യൂറിയ പ്ലാന്റ് നിർമിക്കും.
☛ ബിഹാറിൽ മഖാന ബോർഡ് രൂപവത്കരിക്കും.
☛ അഞ്ചു വർഷത്തിനകം ഗവ. സ്കൂളുകളിൽ 50,000 അടൽ ടിങ്കറിംഗ് ലാബുകൾ സ്ഥാപിക്കും.
☛ എല്ലാ ഗവ. സെക്കൻഡറി സ്കൂളുകളിലും ഗ്രാമീണമേഖലകളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ബ്രോഡ്ബാൻഡ് കണക്ടിവിറ്റി ലഭ്യമാക്കും.
☛ ഹോം സ്റ്റേകൾക്കു മുദ്ര ലോൺ.
☛ സംസ്ഥാനങ്ങളുമായി സഹകരിച്ച് 50 വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കും.
☛ രാജ്യത്തെ മെഡിക്കൽ കോളജുകളിൽ 10,000 സീറ്റുകൾ വർധിപ്പിക്കും. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 75,000 മെഡിക്കൽ സീറ്റുകൾ സൃഷ്ടിക്കും.
☛ മൂന്നു വർഷത്തിനുള്ളിൽ എല്ലാ ജില്ലാ ആശുപത്രികളിലും ഡേ കെയർ കാൻസർ സെന്ററുകൾ സ്ഥാപിക്കും.
☛ എഐ പഠനത്തിന് സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നത് 500 കോടി.
☛ ഇന്ത്യാ പോസ്റ്റിനെ വലിയ ലോജിസ്റ്റിക് കന്പനിയാക്കും. രാജ്യത്തെ ഒന്നര ലക്ഷം പോസ്റ്റ് ഓഫീസുകൾ വഴിയാണ് പദ്ധതി നടപ്പാക്കുക.
☛ 7.7 കോടി കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡുകൾ. വായ്പാപരിധി അഞ്ചു ലക്ഷമാക്കി ഉയർത്തി.
☛ ബിഹാറിൽ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ.
☛ അങ്കണവാടികൾക്കായി പ്രത്യേക പദ്ധതി. അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി.
☛ സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് 10,000 കോടി.
☛ വനിതാ സംരംഭകർക്ക് രണ്ടു കോടി രൂപവരെ വായ്പ.
☛ ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ ആഗോളകേന്ദ്രമാക്കും.
☛ പാദരക്ഷ നിർമാണ മേഖലയിൽ 22 ലക്ഷം തൊഴിലവസരം
☛ ആണവമേഖലയിൽ സ്വകാര്യപങ്കാളിത്തം
രൂപയുടെ വരവും പോക്കും
വരവ്
കോർപറേറ്റ് നികുതി 17%
ആദായ നികുതി 22%
കസ്റ്റംസ് നികുതി 4%
എക്സൈസ് ഡ്യൂട്ടി 5%
ജിഎസ്ടി 18%
നികുതിയതര വരുമാനം 9%
വായ്പയേതര മൂലധന വരുമാനം 1%
കടം 24%
ചെലവ്
കേന്ദ്ര പദ്ധതികൾ 16%
പലിശ 20%
പ്രതിരോധം 8%
സബ്സിഡികൾ 6%
ധനകമ്മീഷൻ ഗ്രാന്റ് 8%
നികുതിയിലെ സംസ്ഥാന
വിഹിതം 22%
പെൻഷൻ 4%
മറ്റു ചെലവുകൾ 8%
കേന്ദ്ര സഹായ പദ്ധതികൾ %
ബജറ്റ് ഒറ്റനോട്ടത്തിൽ
(തുക കോടി രൂപയിൽ)
1. റവന്യു വരുമാനം 34,20,409
2. കേന്ദ്ര നികുതി 28,37,409
3. നികുതിയേതരം 5,83,000
4. മൂലധന വരുമാനം 16,44,936
5. കടം തിരിച്ചുകിട്ടുന്നത് 29,000
6. മറ്റു വരുമാനം 47,000
7. വായ്പയും മറ്റും 15,68,936
8. ആകെ വരുമാനം (1+4) 50,65,345
9. ആകെ ചെലവ് (10+13) 50,65,345
10. റവന്യു ചെലവ് 39,44,255
11. പലിശ 12,76,338
12. മൂലധന നിക്ഷേപത്തിനുള്ള ഗ്രാന്റ് 4,27,192
13. മൂലധനച്ചെലവ് 11,21,090
14. യഥാർഥ മൂലധനച്ചെലവ് (12+13) 15,48,282
15. റവന്യു കമ്മി (10-1) 5,23,846
16. യഥാർഥ റവന്യു കമ്മി (15-12) 96,654
17. ധനകമ്മി {9-(1+5+6)} 15,58,936
18. പ്രാഥമിക കമ്മി (17-11) 2,92,
പ്രധാന മേഖലകളിലെ ചെലവുകൾ(കോടി രൂപയിൽ)
പ്രതിരോധം - 4,91,732
ഗ്രാമവികസനം 2,66,817
ആഭ്യന്തരകാര്യങ്ങൾ 2,33,211
കൃഷി പ്രവർത്തനം 1,71,437
വിദ്യാഭ്യാസം 1,28,650
ആരോഗ്യം 98,311
നഗരവികസനം 96,777
ഐടി, ടെലികോം 95,298
ഉൗർജം 81,174
വാണിജ്യം, വ്യവസായം 65,553
വില കുറയുന്നവ
മൊബൈൽ ഫോണുകൾ
36 ജീവൻരക്ഷാ മരുന്നുകൾ
വൈദ്യുത വാഹനങ്ങളുടെ ബാറ്ററി
കടൽവിഭവങ്ങൾ
കരകൗശല ഉത്പന്നങ്ങൾ
എൽഇഡികൾ
കൊബാൾട്ട് ഉത്പന്നങ്ങൾ
വെറ്റ് ബ്ലൂ ലെതർ
കപ്പൽ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ
12 ക്രിട്ടിക്കൽ മിനറൽസ്
ഇലക്ട്രോണിക്
പാവകളുടെ പാർട്സ്
വില കൂടുന്നവ
സ്മാർട്ട് മീറ്റർ
സോളാർ സെൽ
ഇന്ററാക്ടീവ് ഫ്ളാറ്റ് പാനൽ ഡിസ്പ്ലേ
ഇറക്കുമതി ചെയ്ത വസ്ത്രങ്ങൾ
പിവിസി ഫ്ലെക്സ് ഫിലിം
പിവിസി ഫ്ളെക്സ് ഷീറ്റ്
പിവിസി ഫ്ലെക്സ് ബാനർ