തൊഴിലുറപ്പ് പദ്ധതിയെ തിരിഞ്ഞുനോക്കാതെ ധനമന്ത്രി
Sunday, February 2, 2025 2:41 AM IST
ന്യൂഡല്‍ഹി: ഗ്രാമീണസമ്പദ്ഘടനയെ മെച്ചപ്പെടുത്താന്‍ ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചവരെ നിരാശരാക്കി ധനമന്ത്രി. ബജറ്റ് പ്രസംഗത്തില്‍ രണ്ടു പ്രധാന കാര്യങ്ങളിലാണു ധനമന്ത്രി ഊന്നിയത്.
ഗ്രാമീണ ജന വിഭാഗങ്ങളുടെ വായ്പാ ആവശ്യങ്ങള്‍ക്കായി റൂറല്‍ ക്രെഡിറ്റ് സ്കോര്‍ തയാറാക്കും എന്നതായിരുന്നു ആദ്യത്തേത്. ഗ്രാമീണമേഖലയിലെ സമ്പദ്ഘടനയെ ചലിപ്പിക്കുന്നതിനുള്ള ചുമതല രാജ്യത്തെ പോസ്റ്റല്‍ വകുപ്പിനെ ഏല്‍പ്പിക്കും എന്ന പ്രഖ്യാപനവും ധനമന്ത്രി നടത്തി.
എന്നാൽ ഈ നിർദേശം കേരളത്തിലെ സാഹചര്യത്തില്‍ തീര്‍ത്തും അപ്രസക്തമാണ്.
ഗ്രാമവികസന മന്ത്രാലയത്തിന് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 14,000 കോടി രൂപയാണ് ഇത്തവണ അധികം നല്‍കിയിരിക്കുന്നത്.
ഇതിൽ പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിക്കു കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്തു. ഗ്രാമീണ സന്പദ്ഘടനയിൽ നിർണായകമായ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് (എംജിഎന്‍ആര്‍ഇജിഎ) തുക ഉയര്‍ത്തിയതുമില്ല.
ഗ്രാമീണ വികസന വകുപ്പിനായി 2025-26ല്‍ മൊത്തം 1,87,754 കോടി രൂപയാണു വകയിരുത്തിയിരിക്കുന്നത്. 2024-25ല്‍ തൊഴിലുറപ്പ് പദ്ധതിക്കു നീക്കിവച്ച 86,000 കോടി രൂപ ഇത്തവണയും നൽകുമെന്നാണു പ്രഖ്യാപനം. 2023-24ൽ തൊഴിലുറപ്പു പദ്ധതിക്ക് 89,154 കോടി രൂപയായിരുന്നു നീക്കിവച്ചത്. തൊഴില്‍ദിനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം, കൂലി കൂട്ടണം തുടങ്ങിയ ആവശ്യങ്ങൾ വർഷങ്ങളായി ധനമന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടെങ്കിലും അനുകൂല പ്രതികരണം ഇത്തവണയും ലഭിച്ചില്ല.
പ്രധാനമന്ത്രി ഭവനനിര്‍മാണ പദ്ധതിക്കാണ് ഇത്തവണ തൊഴിലുറപ്പിനേക്കാൾ ഊന്നൽ നൽകിയിരിക്കുന്നത്.