""പത്തു വർഷത്തിനുശേഷം വിദേശ ഇടപെടൽ ഇല്ലാത്ത ആദ്യ ബജറ്റ് സമ്മേളനം''; പ്രതിപക്ഷത്തിനെതിരേ പ്രധാനമന്ത്രി
Saturday, February 1, 2025 3:10 AM IST
ന്യൂഡൽഹി: പത്തു വർഷത്തിനുശേഷം വിദേശ ഇടപെടൽ ഇല്ലാത്ത ആദ്യ ബജറ്റ് സമ്മേളനമായിരിക്കും ഇത്തവണ നടക്കാൻ പോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേയായിരുന്നു പ്രതിപക്ഷത്തെ പരോക്ഷമായി വിമർശിച്ചുകൊണ്ടുള്ള മോദിയുടെ പ്രതികരണം. കഴിഞ്ഞ പത്തു വർഷമായി പാർലമെന്റിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ വിദേശ ശക്തികൾ ശ്രമിച്ചിരുന്നു.
എല്ലാ സമ്മേളനത്തിനു മുന്പും ആളുകൾ കുഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമം നടത്തുന്നത് താൻ കാണുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് ആക്കം കൂട്ടാൻ ഇവിടെ ആളുകൾക്ക് കുറവില്ലെന്നും പ്രതിപക്ഷത്തെ ലക്ഷ്യമാക്കി മോദി പറഞ്ഞു.
കഴിഞ്ഞ പാർലമെന്റ് സമ്മേളനങ്ങൾക്കു മുന്നോടിയായി സെബി അധ്യക്ഷ മാധബി പുരി ബുച്ചിനെതിരേ വിദേശസ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിനെച്ചൊല്ലി പ്രതിപക്ഷം വലിയ പ്രതിഷേധമുയർത്തിയിരുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അദാനിക്കുവേണ്ടി ഇന്ത്യൻ ഓഹരിവിപണിയിൽ സെബി മേധാവി ക്രമക്കേട് നടത്തിയെന്ന പ്രതിപക്ഷ ആരോപണത്തെച്ചൊല്ലി പലപ്പോഴും പാർലമെന്റ് സമ്മേളനം സ്തംഭിക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു.
എന്നാൽ ഈ വർഷം ആദ്യം ഹിൻഡൻബർഗ് റിസർച്ച് അടച്ചു പൂട്ടുന്നതായി പ്രഖ്യാപനമുണ്ടായി. ഹിൻഡൻബർഗ് റിപ്പോർട്ടിനു പിന്നിൽ പ്രതിപക്ഷമാണെന്നായിരുന്നു ബിജെപിയുടെ ആരോപണം.
2047 ൽ വികസിത ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനു മുന്നോടിയായുള്ള ബജറ്റായിരിക്കും ഇത്തവണ അവതരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ബജറ്റ് പുതിയ ആത്മവിശ്വാസം പകരും. വളർച്ചയും വികസിത ഭാരതവുമാണ് ലക്ഷ്യം.
തന്റെ സർക്കാർ മൂന്നാം ടേമിൽ ആദ്യത്തെ സന്പൂർണ ബജറ്റ് അവതരിപ്പിക്കുന്പോൾ സന്പത്തുമായി ബന്ധപ്പെട്ടിരിക്കുന്ന ലക്ഷ്മീദേവി ദരിദ്രരെയും ഇടത്തരക്കാരെയും അനുഗ്രഹിക്കട്ടെയെന്നു പ്രാർഥിക്കുന്നതായും മോദി പറഞ്ഞു.
സ്ത്രീകൾക്ക് തുല്യാവകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്ന സുപ്രധാന തീരുമാനങ്ങൾ സമ്മേളനത്തിൽ ഉണ്ടാകും. യുവാക്കൾ വികസിത ഭാരത്തിന്റെ ഗുണഭോക്താക്കളാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, പ്രധാനമന്ത്രി ജനങ്ങളുടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാൻ തയാറാകുന്നില്ലെന്ന് വയനാട് എംപിയും കോണ്ഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ആരോപിച്ചു. ജനങ്ങളുടെ പ്രശ്ങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാൻ ബിജെപി അനുവദിക്കുന്നില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.