ബിഹാറിന് വാരിക്കോരി; ആന്ധ്രയെയും തഴഞ്ഞു
Sunday, February 2, 2025 3:18 AM IST
ന്യൂഡൽഹി: ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിനോട് തുടർച്ചയായി രണ്ടാമത്തെ കേന്ദ്രബജറ്റിലും പ്രത്യേക മമത.
ബിഹാറിന് നിരവധി പദ്ധതികളാണു പ്രഖ്യാപിച്ചത്. ബജറ്റ് പ്രസംഗത്തിൽ എട്ടു തവണയാണ് ബിഹാറിനെയും ബിഹാറിന്റെ മേഖലകളെയും ധനമന്ത്രി നിർമലാ സീതാരാമൻ പരാമർശിച്ചത്. ബജറ്റവതരണത്തിനായി ബിഹാറിന്റെ മധുബനി സിൽക്ക് കോട്ടണ്‍ സാരി തെരഞ്ഞെടുത്തതിലും രാഷ്ട്രീയ സന്ദേശമുണ്ട്.
ഉത്തരേന്ത്യക്കാരുടെ പ്രിയപ്പെട്ട ചെറുകടി (സ്നാക്സ്) ആയ താമരവിത്ത് (മഖാന) കർഷകർക്കായി ബിഹാറിൽ മഖാന ബോർഡ് രൂപീകരിക്കൽ, നാലു പുതിയ വിമാനത്താവളങ്ങൾ, പാറ്റ്ന വിമാനത്താവള വികസനം, ബിഹ്തയിൽ മറ്റൊരു വിമാനത്താവളം, പാറ്റ്ന ഐഐടി വിപുലീകരണം, പുതിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, എന്റർപ്രണർഷിപ്പ് ആൻഡ് മാനേജ്മെന്റ് എന്നിവ സ്ഥാപിക്കൽ, മിഥിലാഞ്ചൽ മേഖലയിലെ വെസ്റ്റേണ്‍ കോസി കനാൽ നിർമാണം, ബിഹാറിലെ 50,000 ഹെക്ടറിലധികം ഭൂമിയിൽ കൃഷി ചെയ്യുന്ന കർഷകർക്കു സാന്പത്തികസഹായം തുടങ്ങിയവയാണ് ധനമന്ത്രി കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചത്.
കഴിഞ്ഞ വർഷത്തെ കേന്ദ്ര ബജറ്റിൽ 58,900 കോടി രൂപയുടെ പ്രത്യേക പദ്ധതികളായിരുന്നു ബിഹാറിനു പ്രഖ്യാപിച്ചത്. ബിഹാറിലെ റോഡ് പദ്ധതികൾക്കായി 2024ലെ ബജറ്റിൽ കേന്ദ്രം 26,000 കോടി രൂപയും പ്രഖ്യാപിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതിനെത്തുടർന്നാണ്, മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ രൂപീകരണത്തിനു നിർണായക സഹായം നൽകിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും 2024ലെ കേന്ദ്രബജറ്റിൽ കൈയയച്ചു സമ്മാനങ്ങൾ നൽകിയത്. എന്നാൽ ഇത്തവണ ആന്ധ്രപ്രദേശിനു പ്രത്യേക പരിഗണന ഉണ്ടായില്ല.
ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നവംബറിൽ നടക്കും. ബുധനാഴ്ച വോട്ടെടുപ്പ് നടക്കുന്ന ഡൽഹിയിലെ വോട്ടർമാരിൽ വലിയ വിഭാഗമുള്ള ശന്പളക്കാരായ മധ്യവർഗത്തെ പ്രീതിപ്പെടുത്താനാണ് 12 ലക്ഷം രൂപവരെ ആദായനികുതിയിൽനിന്ന് ഒഴിവാക്കിയത്.
ബിഹാറിലെ പ്രശസ്തമായ മധുബനി ആർട്ട് വർക്കിൽ പ്രിന്റ് ചെയ്ത കോട്ടണ്‍ സിൽക്ക് സാരി ധരിച്ചാണ് ധനമന്ത്രി നിർമലാ സീതാരാമൻ ലോക്സഭയിൽ ഇന്നലെ ബജറ്റ് അവതരിപ്പിക്കാൻ എത്തിയത്. ബിഹാറിലെ മിഥില മേഖലയിലാണ് മധുബനി കലയുടെ ഉത്ഭവം. കഴിഞ്ഞ ബിഹാർ സന്ദർശനവേളയിൽ സീതാരാമന് പത്മശ്രീ ദുലാരി ദേവി സമ്മാനിച്ചതാണ് ഈ സാരി.
വടക്കേ ഇന്ത്യക്കാരുടെ "സൂപ്പർ ഫുഡ്’ മഖാന വളർത്തുന്ന ബിഹാറിലെ കർഷകരെ സഹായിക്കാനാണു മഖാന ബോർഡ് സ്ഥാപിക്കുന്നതെന്ന് ധനമന്ത്രി അറിയിച്ചു. ഇന്ത്യയിലെ മൊത്തം താമര വിത്ത് ഉത്പാദനത്തിന്റെ 80 ശതമാനവും ബിഹാറിലെ കർഷകരുടേതാണ്.
""ബിഹാർ ബജറ്റോ?''-കോണ്‍ഗ്രസ്
കേന്ദ്ര ബജറ്റാണോ, അതോ ബിഹാർ സർക്കാരിന്റെ ബജറ്റാണോ ഇതെന്ന് മുൻ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മനീഷ് തിവാരി പരിഹസിച്ചു. ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗത്തിൽ മറ്റേതെങ്കിലും സംസ്ഥാനത്തിന്റെ പേരു നിങ്ങൾ കേട്ടോയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിന് വാരിക്കോരി കൊടുത്തപ്പോൾ, എൻഡിഎയുടെ മറ്റൊരു നെടുംതൂണായ ആന്ധ്രപ്രദേശിനെ ഇത്ര ക്രൂരമായി അവഗണിക്കുന്നത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചോദിച്ചു.