റെയിൽവേയ്ക്ക് അവഗണന
Sunday, February 2, 2025 2:41 AM IST
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ രാജ്യത്തെ പ്രധാന പൊതുഗതാഗത മേഖലയായ റെയിൽവേക്ക് കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയ 2.52 ലക്ഷം കോടി രൂപ തന്നെയാണ് ഈ വർഷത്തെ ബജറ്റിലും വകയിരുത്തിയിട്ടുള്ളത്. ട്രാക്ക് വിപുലീകരണം, വൈദ്യുതീകരണം, സിഗ്നലിംഗ് മെച്ചപ്പെടുത്തലുകൾ, സ്റ്റേഷൻ നവീകരണം തുടങ്ങി അടിസ്ഥാനവികസന പദ്ധതികൾക്കാണ് ഫണ്ടിൽ അധികവും നീക്കിവച്ചിട്ടുള്ളത്.
പ്രധാന പദ്ധതികൾ ഒന്നുംതന്നെ ഇത്തവണത്തെ ബജറ്റിൽ റെയിൽവേക്കായി പ്രഖ്യാപിച്ചിട്ടില്ല. മുന്പ് റെയിൽവേക്കായി പ്രത്യേക ബജറ്റ് അവതരിപ്പിച്ചിരുന്നു. എന്നാൽ മോദിസർക്കാർ അധികാരത്തിലേറിയതോടെ റെയിൽവേ ബജറ്റ് പൊതുബജറ്റിനൊപ്പം ചേർക്കുകയായിരുന്നു.
ബജറ്റിൽ മൂലധനച്ചെലവുകളിലും തന്ത്രപ്രധാന പദ്ധതികളിലും ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമാണുണ്ടായത്. സന്പൂർണ ചരക്ക് ഇടനാഴി പദ്ധതി നടപ്പിലാക്കുന്ന കമ്പനിയായ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന് (ഡിഎഫ്സിസിഐഎൽ) ഈ സാമ്പത്തികവർഷം 500 കോടി രൂപകൂടി അനുവദിക്കും.
എന്നാൽ, അതിവേഗ റെയിൽ പദ്ധതി നടപ്പാക്കുന്ന നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപറേഷന്റെ വിഹിതം 2025 സാമ്പത്തിക വർഷത്തിലെ 19000 കോടി തന്നെയാണ്. റെയിൽവെയുടെ അറ്റ റവന്യു ചെലവ് 3,02,100 രൂപയായാണു കണക്കാക്കിയിരിക്കുന്നത്. 2024-25 ബജറ്റിൽ ഇത് 2,79,000 കോടി രൂപയായിരുന്നു.
പുതിയ പാതകൾ-32235 കോടി, ഗേജ് കൺവേർഷൻ-4550 കോടി, പാത ഇരട്ടിപ്പിക്കൽ-32,000 കോടി, ട്രാഫിക് സൗകര്യ വികസനം (യാർഡ് റീമോഡലിംഗ് തുടങ്ങിയവ)-8601 കോടി, ട്രാക്ക് നവീകരണം-22800 കോടി, റെയിൽപ്പാലം, തുരങ്കം, അപ്രോച്ച് റോഡുകൾ-2169, സിഗ്നലിംഗ് ആൻഡ് ടെലികോം-6800 കോടി, വൈദ്യുതീകരണ പദ്ധതി-6150 കോടി എന്നിങ്ങനെയാണു ബജറ്റ് വിഹിതമുള്ളത്.
റെയിൽവേയെ മെച്ചപ്പെടുത്താനുള്ള പദ്ധതികളാണു ബജറ്റിലുള്ളതെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അടിസ്ഥാനസൗകര്യ വികസനത്തിനു പുറമെ നീക്കിവച്ച തുക ഉപയോഗിച്ച് 17,500 ജനറൽ കോച്ചുകൾ, 200 വന്ദേഭാരത് ട്രെയിനുകൾ, 100 അമൃത്ഭാരത് ട്രെയിനുകൾ തുടങ്ങിയവ നിർമിക്കുമെന്നും മന്ത്രി അറിയിച്ചു.
ജനറൽ കോച്ചുകളുടെ നിർമാണം നടന്നുവരികയാണ്. ഈവർഷം മാർച്ച് അവസാനത്തോടെ 1400 ജനറൽ കോച്ചുകൾ നിർമിക്കും. ഈ സാന്പത്തികവർഷം 2000 ജനറൽ കോച്ചുകൾ നിർമിക്കാനാണ് പദ്ധതിയിട്ടിട്ടുള്ളത്. ഇതുകൂടാതെ 1000 ഫ്ലൈഓവറുകൾ നിർമിക്കാനും അനുമതി നൽകിയിട്ടുണ്ട്. ഈവർഷം മാർച്ച് 31ഓടെ റെയിൽവേ വഴി ലോകത്ത് ഏറ്റവും കൂടുതൽ ചരക്കുനീക്കം നടക്കുന്ന രാജ്യമായി ഇന്ത്യ മാറും-മന്ത്രി പറഞ്ഞു.