ജനങ്ങളുടെ ബജറ്റ്: പ്രധാനമന്ത്രി
Sunday, February 2, 2025 2:41 AM IST
ന്യൂഡൽഹി: ബജറ്റ് അവതരിപ്പിച്ച കേന്ദ്രമന്ത്രി നിർമലാ സീതാരാമന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ബജറ്റാണ് നിർമല അവതരിപ്പിച്ചതെന്ന് മോദി വിശേഷിപ്പിച്ചു.
ബജറ്റ് നിക്ഷേപം വർധിപ്പിക്കുമെന്നും വികസിത ഭാരതത്തിലേക്കുള്ള വഴി തെളിക്കുമെന്നും മോദി പറഞ്ഞു. ബജറ്റ് 140 കോടി ജനങ്ങളുടെ സ്വപ്നങ്ങൾ സഫലീകരിക്കുന്നതാണ്. 12 ലക്ഷം വരെ വാർഷികവരുമാനമുള്ളവർക്ക് ആദായനികുതി ഒഴിവാക്കി. എല്ലാവിഭാഗം ജനങ്ങൾക്കും നികുതി കുറച്ചു. ഇതു മധ്യവർഗ ജനങ്ങൾക്ക് വളരെയധികം സഹായകമാകുമെന്ന് മോദി പറഞ്ഞു.
ടൂറിസത്തെയും കപ്പൽ നിർമാണത്തെയും നാവിക മേഖലയെയും കർഷകരെയും സഹായിക്കുന്ന ബജറ്റാണ് ധനമന്ത്രി പ്രഖ്യാപിച്ചതെന്ന് മോദി ചൂണ്ടിക്കാട്ടി. കിസാൻ ക്രെഡിറ്റ് കാർഡിന്റെ പരിധി അഞ്ചു ലക്ഷമാക്കി ഉയർത്തിയത് കാർഷികമേഖലയിൽ പുതിയ വിപ്ലവത്തിന് തുടക്കം കുറിക്കും.
ബജറ്റ് പ്രഖ്യാപനം സാധാരണ ഊന്നൽ കൊടുക്കുന്നത് സർക്കാർ ഖജനാവ് നിറയ്ക്കാനാണെന്നും എന്നാൽ ഈ ബജറ്റ് ജനങ്ങളുടെ സാന്പത്തികം വർധിപ്പിക്കുന്നതിനുള്ള ശക്തമായ അടിത്തറ പാകിയെന്നും മോദി പറഞ്ഞു.