മമത കുൽക്കർണിയുടെ മഹാമണ്ഡലേശ്വർ പദവിയിൽ വിവാദം
Saturday, February 1, 2025 3:09 AM IST
മഹാകുംഭ് നഗർ: ബോളിവുഡ് നടി മമത കുൽക്കർണിക്ക് കിന്നർ അഖാഡയുടെ മഹാമണ്ഡലേശ്വർ പദവി നല്കിയതിലുള്ള അതൃപ്തി അറിയിച്ച് അഖാഡയുടെ സ്ഥാപകനെന്ന് അവകാശപ്പെട്ട ഋഷി അജയ് ദാസ് രംഗത്തെത്തി.
കിന്നർ അഖാഡയുടെ മഹാമണ്ഡലേശ്വർ പദവിയിൽനിന്ന് ആചാര്യ മഹാമണ്ഡലേശ്വർ ലക്ഷ്മി നാരായൺ ത്രിപാഠിയെ നീക്കം ചെയ്തതായി ഋഷി അജയ് ദാസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
രാജ്യദ്രോഹക്കുറ്റത്തിനു കേസ് നിലവിലുണ്ടായിരുന്ന മമതയെ അഖാഡയുടെ നിയമങ്ങൾക്കു വിരുദ്ധമായി മഹാമണ്ഡലേശ്വർ ആക്കിയതു ശരിയല്ലെന്ന് ഋഷി അജയ് ദാസ് പറഞ്ഞു.
ജൂന അഖാഡയുടെ മഹാമണ്ഡലേശ്വർ സ്വാമി മഹേന്ദ്രാനന്ദ ഗിരി, മഹാമണ്ഡലേശ്വർ ലക്ഷ്മി നാരായൺ ത്രിപാഠി മറ്റ് മഹാമണ്ഡലേശ്വർമാർ തുടങ്ങിയവർ ചേർന്ന് ജനുവരി 24നാണ് മമത കുൽക്കർണിയെ(52) കിന്നർ അഖാഡയുടെ മഹാമണ്ഡലേശ്വർ ആയി അവരോധിച്ചത്.
ഇതിനുശേഷം യാമി മമതാനന്ദ് ഗിരി എന്ന് മമതയുടെ പേര് മാറ്റിയിരുന്നു. 2016ലെ ഉജ്ജയിൻ കുഭമേളയിൽ ലഭിച്ച പണം തിരിമറി നടത്തിയതിന് 2017ൽ ഋഷി അജയ് ദാസിനെ അഖാഡയിൽനിന്നു പുറത്താക്കിയിരുന്നുവെന്നും ഭാര്യക്കും മകൾക്കുമൊപ്പം ഗൃഹസ്ഥാശ്രമിയായി കഴിയുന്ന അജയ് ദാസിന് അഖാഡയുമായി യാതൊരു ബന്ധവുമില്ലെന്നും മഹാമണ്ഡലേശ്വർ ലക്ഷ്മി നാരായൺ ത്രിപാഠി പത്രസമ്മേളനത്തിൽ പറഞ്ഞു. സ്ഥാപകനാണെങ്കിൽ എന്തുകൊണ്ട് ഇപ്പോൾ അഖാഡയുടെ ഭാഗമല്ലെന്നും അവർ ചോദിച്ചു.
താനും ദുർഗാദാസും 22 സംഘടനകളും ചേർന്നതാണ് കിന്നർ അഖാഡയെന്നും അവർ അവകാശപ്പെട്ടു.