ഗുജറാത്ത് കലാപത്തിന്റെ ഇര സാകിയ ജാഫ്രി അന്തരിച്ചു
Sunday, February 2, 2025 2:41 AM IST
അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിനിടെ കൊല്ലപ്പെട്ട മുൻ കോൺഗ്രസ് എംപി എഹ്സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി (86) അന്തരിച്ചു.
വാർധക്യസഹജമായ രോഗങ്ങൾമൂലം അഹമ്മദാബാദിൽ, മകളുടെ വീട്ടിലായിരുന്നു അന്ത്യം. ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ടവർക്കു നീതി ഉറപ്പാക്കാനുള്ള പോരാട്ടത്തിൽ സാകിയ ജാഫ്രി മുൻനിരയിലുണ്ടായിരുന്നു
ഗോധ്രാനന്തര കലാപത്തിനിടെ മുസ്ലിം ഭൂരിപക്ഷമേഖലയായ ഗുൽബർഗ് സൊസൈറ്റിയിലാണ് ഇഹ്സാൻ ജാഫ്രി അടക്കം 69 പേർ കൊല്ലപ്പെട്ടത്. 2002 ഫെബ്രുവരിയിൽ ഗോധ്രയിൽവച്ച് സബർമതി എക്സ്പ്രസിന് ഒരു സംഘം ആളുകൾ തീവച്ചതിനെത്തുടർന്ന് 59 കർസേവകർ കൊല്ലപ്പെട്ടു. ഇതേത്തുടർന്ന് ഗുജറാത്തിൽ കലാപം കത്തിപ്പടരുകയായിരുന്നു. ഗോധ്രാനന്തര കലാപത്തിലെ വൻ ഗൂഢാലോചനയും ഉദ്യോഗസ്ഥരുടെ അനാസ്ഥയും പോലീസിന്റെ വീഴ്ചയും ചൂണ്ടിക്കാണിച്ചാണ് സാകിയ സുപ്രീംകോടതിയെ സമീപിച്ചത്. അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരേ കുറ്റപത്രം സമർപ്പിക്കണമെന്നും സാകിയ ആവശ്യപ്പെട്ടിരുന്നു.
കലാപം തടയാൻ ആവശ്യത്തിനു പോലീസ് ഇല്ലാതിരുന്നിട്ടും മോദിഭരണകൂടം സൈന്യത്തെ വിന്യസിച്ചില്ലെന്ന് സാകിയ ആരോപിച്ചു. തന്റെ പരാതി എഫ്ഐആർ ആയി പരിഗണിക്കണമെന്ന സാകിയയുടെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളി. തുടർന്ന് സാകിയ സുപ്രീംകോടതിയെ സമീപിച്ചു. സാകിയയുടെ പരാതിയിൽ 2008ൽ സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചു.
2012ൽ നരേന്ദ്ര മോദിക്കും മറ്റ് 63 പേർക്കും എസ്ഐടി ക്ലീൻ ചിറ്റ് നല്കി. മോദി ഉൾപ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാൻ തെളിവില്ലെന്ന് എസ്ഐടി അറിയിച്ചു. ഈ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് സാകിയ ജാഫ്രി മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. എന്നാൽ, സാകിയയുടെ പരാതി തള്ളിയ കോടതി എസ്ഐടിയുടെ അന്തിമ റിപ്പോർട്ട് സ്വീകരിച്ചു. ഇതിനെതിരേ സാകിയ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. തുടർന്ന് സാകിയ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും 2022ൽ എസ്ഐടി റിപ്പോർട്ട് സുപ്രീംകോടതി അംഗീകരിക്കുകയാണുണ്ടായത്.
1969ലെ അഹമ്മദാബാദ് കലാപകാലത്തും സാകിയയുടെ വീടിനു നേർക്ക് ആക്രമണമുണ്ടായിരുന്നു. കലാപകാരികൾ വീട് കൊള്ളയടിക്കുകയും തീവയ്ക്കുകയും ചെയ്തു. അഹമ്മദാബാദ് കലാപത്തിൽ 700 പേരാണു കൊല്ലപ്പെട്ടത്.