ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിനു തടയിട്ട് ജെഡി-യു
Friday, January 31, 2025 2:54 AM IST
ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തിരക്കിട്ടു വേണ്ടെന്നും വിപുലമായ കൂടിയാലോചനകൾ ആവശ്യമാണെന്നും ബിജെപിയുടെ സഖ്യകക്ഷിയായ ഐക്യ ജനതാദൾ.
ഇന്നു തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് എൻഡിഎ ഘടകകക്ഷിയായ ജെഡി-യു നിലപാട് പ്രഖ്യാപിച്ചത്. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിച്ച ബിൽ വിശദ ചർച്ചകൾക്കായി സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) അയച്ചിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിനോടൊപ്പം രാജ്യത്തെ എല്ലാ നിയമസഭകളിലേക്കും ഒരുമിച്ചു തെരഞ്ഞെടുപ്പു നടത്താൻ നിർദേശിക്കുന്ന ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ നടപ്പാക്കാൻ കേന്ദ്രം തിടുക്കം കാണിക്കരുതെന്ന് ഇന്നലെ സർവകക്ഷി യോഗത്തിൽ പങ്കെടുത്ത ജെഡി-യു എംപി സഞ്ജയ് കുമാർ ഝാ പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയുടെ മുന്നറിയിപ്പ് ഫലത്തിൽ നിർദിഷ്ട തെരഞ്ഞെടുപ്പു ബില്ലിന് ചുവപ്പുകൊടിയാണ്.
രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന പ്രസംഗത്തിൽ ഇതിനായി പ്രത്യേക ആഹ്വാനം ഉണ്ടായതിനു പിന്നാലെയാണ് ജെഡിയു തടസവുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താത്പര്യത്തിലുള്ള നീക്കത്തിന് സഖ്യകക്ഷിയായ ജെഡി-യു തടയിട്ടതിനു പിന്നിൽ ദീർഘദൂര രാഷ്ട്രീയലക്ഷ്യങ്ങളുണ്ടെന്ന് സൂചനയുണ്ട്.
പുതിയ പുതിയ ലോക്സഭയിലെ സിറ്റിംഗ് ക്രമീകരണത്തെയും പ്രതിപക്ഷത്തോടൊപ്പം ബിജെപിയുടെ സഖ്യകക്ഷികളായ ജെഡി-യുവും ടിഡിപിയും ഇന്നലത്തെ സർവകക്ഷി യോഗത്തിൽ പരസ്യമായി ചോദ്യം ചെയ്തു.
ഏകപക്ഷീയമായാണു സീറ്റ് ക്രമീകരണം തീരുമാനിച്ചതെന്ന് വിഷയം ഉന്നയിച്ച കോണ്ഗ്രസ് എംപി ഗൗരവ് ഗൊഗോയിയും ജെഡിയുവിലെ സഞ്ജയ് കുമാർ ഝായും അടക്കമുള്ളവർ കുറ്റപ്പെടുത്തി.