നിർമിതബുദ്ധിയുമായി മുന്നേ ഓടാൻ കേന്ദ്രം
Sunday, February 2, 2025 3:18 AM IST
ന്യൂഡൽഹി: നിർമിതബുദ്ധിക്ക് (എഐ) കഴിഞ്ഞ വർഷങ്ങളേക്കാൾ കൂടുതൽ പ്രാധാന്യം ഈ ബജറ്റിൽ നൽകിയിട്ടുണ്ട്. എഐ വിദ്യാഭ്യാസത്തിന് രാജ്യത്തു പുതിയ മികവിന്റെ കേന്ദ്രമൊരുക്കാൻ 500 കോടിയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിൽ എഐ മികവിന്റെ മൂന്നു കേന്ദ്രങ്ങളൊരുക്കാൻ 2023 ലെ ബജറ്റിൽ പ്രഖ്യാപനം നടത്തിയതിന്റെ തുടർച്ചയായിട്ടാണ് ഈവർഷത്തെ ബജറ്റിലും സർക്കാർ പണം അനുവദിച്ചിരിക്കുന്നത്. 2024 ഏപ്രിലിൽ തുടക്കം കുറിച്ച ഇന്ത്യ എഐ മിഷന് അനുവദിച്ചിട്ടുള്ള തുക പുതിയ ബജറ്റിൽ വർധിപ്പിച്ചിട്ടുണ്ട്.
2000 കോടി രൂപയാണ് ഈ വർഷത്തെ ബജറ്റിൽ കേന്ദ്രം എഐ മിഷനായി നീക്കിവച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ അനുവദിച്ച 173 കോടി രൂപയിൽനിന്ന് 1056 ശതമാനമാണ് ഈ വർഷത്തെ വർധന.
എഐയുമായി ബന്ധപ്പെട്ട ദേശീയ മിഷനും ഐടി, ഇലക്ട്രോണിക്സ് മേഖലയിലെ ഗവേഷണത്തിനും വികസനത്തിനും ബജറ്റിൽ പണം നീക്കിയിട്ടുണ്ട്. നിർമിതബുദ്ധിയുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട വിവിധ പദ്ധതികൾക്ക് 4349.75 കോടി രൂപയാണ് ബജറ്റിൽ നൽകിയിരിക്കുന്നത്.
ലോകത്തെന്പാടും നിർമിതബുദ്ധി വികാസം പ്രാപിക്കുന്പോൾ രാജ്യത്തും എഐ അധിഷ്ഠിത നൈപുണ്യം വർധിപ്പിക്കുകയെന്നതാണ് ബജറ്റിൽ ഉയർന്ന തുക മേഖലയ്ക്ക് നീക്കിവയ്ക്കുന്നതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.