വയനാട് പുനരധിവാസം; കേന്ദ്രസഹായം വിനിയോഗിക്കുന്നതിൽ സത്യവാങ്മൂലം നല്‍കണം: ഹൈക്കോടതി
Saturday, February 22, 2025 2:23 AM IST
കൊച്ചി: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട കേന്ദ്രസഹായം വിനിയോഗിക്കുന്നതു സംബന്ധിച്ച് കൃത്യമായ സത്യവാങ്മൂലം നല്‍കണമെന്ന് സംസ്ഥാനസര്‍ക്കാരിനോടു ഹൈക്കോടതി.
എതൊക്കെ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്, എന്നു തുടങ്ങും, എന്നു പൂര്‍ത്തീകരിക്കും തുടങ്ങിയ വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ ഉണ്ടാകണമെന്നും നിര്‍ദേശിച്ചു.
മാര്‍ച്ച് 31ന് മുന്‍പ് പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്ന കേന്ദ്രനിര്‍ദേശം പ്രായോഗികമല്ലെന്നു സംസ്ഥാനസര്‍ക്കാര്‍ നിലപാടെടുത്തതോടെയാണു ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
കോടതിയില്‍ ഹാജരാക്കേണ്ട രേഖകളും വിശദാംശങ്ങളും രണ്ടോ മൂന്നോ ദിവസം മുന്‍പെങ്കിലും ഫയല്‍ ചെയ്യണം. ഹര്‍ജി പരിഗണിക്കുന്ന ദിവസം കിട്ടിയാല്‍ വിശദമായി പരിശോധിക്കാനാകില്ലെന്നും ജസ്റ്റീസുമാരായ ഡോ. എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, എസ്. ഈശ്വരന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് പറഞ്ഞു.
ദുരന്തബാധിത മേഖലകളിലെ നദികളില്‍ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ നീക്കുന്ന ജോലി മാര്‍ച്ച് ആദ്യവാരം തുടങ്ങി മഴക്കാലത്തിനുമുന്പ് പൂര്‍ത്തിയാക്കുമെന്ന് ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. കാര്യങ്ങള്‍ കടലാസിലല്ല പ്രവൃത്തിയിലാണു വേണ്ടതെന്നും ഹര്‍ജി വീണ്ടും പരിഗണിക്കുന്ന മാര്‍ച്ച് മൂന്നിന് ഇതിന്റെ ടൈംടേബിള്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വായ്പയായി അനുവദിച്ച 529.50 കോടി രൂപയുടെ വിനിയോഗവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ ആശങ്ക രേഖാമൂലം കോടതിയെ അറിയിക്കണം. ഇക്കാര്യത്തില്‍ കേന്ദ്രത്തോടു വ്യക്തത തേടിയിട്ടുണ്ടെന്ന് അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ് അറിയിച്ചു.