കണ്ണൂരിൽ വെടിക്കെട്ട് അപകടം; അഞ്ചുപേർക്കു പരിക്ക്
Saturday, February 22, 2025 2:23 AM IST
കണ്ണൂർ: അഴീക്കോട് നീർക്കടവിൽ ക്ഷേത്രോത്സവത്തിനിടെ നടത്തിയ വെടിക്കെട്ടിനിടെ അമിട്ട് ജനക്കൂട്ടത്തിൽ വീണ് പൊട്ടി ഒരു കുട്ടിയുൾപ്പടെ അഞ്ചു പേർക്കു പരിക്ക്. നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിൽ ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു അപകടം.
നീർക്കടവ് സ്വദേശികളായ അർജുൻ (20), ആദിത്ത് (12), സനിൽകുമാർ (57), നികേത് (23), നിഥിൻ (30) എന്നിവർക്കാണ് പരിക്ക്. ഗുരുതരമായി പരിക്കേറ്റ അർജുനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. പുലർച്ചെ നാലോടെ തെയ്യം ഇറങ്ങുന്നതിനിടെ പൊട്ടിച്ച നാടൻ അമിട്ട് തെങ്ങിൽ തട്ടി ആളുകൾ നിൽക്കുന്ന ഭാഗത്തു വീണ് പൊട്ടുകയായിരുന്നു.
അതേസമയം, ക്ഷേത്രകമ്മിറ്റിയുമായി വെടിക്കെട്ടിനു ബന്ധമില്ലെന്നു ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ആചാരമെന്ന നിലയിൽ വെടിക്കെട്ട് നടത്തുന്ന പതിവ് ഇവിടെയില്ല. പ്രദേശത്തെ ചിലർ സ്വന്തം നിലയിൽ പടക്കങ്ങൾ പൊട്ടിക്കുകയായിരുന്നു. ആൾക്കൂട്ടത്തിൽനിന്ന് അകലം പാലിച്ചാണ് ഇവർ കരിമരുന്ന് പ്രയോഗം നടത്തിയതെങ്കിലും ദിശതെറ്റി ആൾക്കൂട്ടത്തിൽ വീഴുകയായിരുന്നുവെന്നാണു പറയുന്നത്.
താലപ്പൊലിയോടനുബന്ധിച്ച് പൊട്ടിച്ച പടക്കങ്ങളിൽ ബാക്കി വന്നതാണു പൊട്ടിച്ചതെന്നാണു പറയുന്നത്. വളപട്ടണം ഇൻസ്പെക്ടർ ടി.പി. സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
10 പേർക്കെതിരേ കേസ്
വെടിക്കെട്ടിനിടെ അഞ്ചു പേർക്ക് പരിക്കേറ്റ സംഭവത്തിൽ പത്തു പേർക്കെതിരേ പോലീസ് കേസെടുത്തു. അഞ്ചു ക്ഷേത്രഭാരവാഹികൾക്കും കണ്ടാലറിയാവുന്ന അഞ്ചു പേർക്കും എതിരേയാണ് വളപട്ടണം പോലീസ് കേസെടുത്തത്.
തറവാട് കാരണവർ എം.കെ. വത്സരാജ്, കർമി പ്രകാശൻ മുച്ചിരിയൻ, കുടുംബാംഗങ്ങളായ എം. പ്രേമൻ, വി. സുധാകരൻ, എം.കെ. ദീപക് എന്നിവർക്കെതിരേയാണു കേസെടുത്തത്.