പിന്നാക്ക- ന്യൂനപക്ഷ ക്ഷേമ ധനാഭ്യർഥനയ്ക്ക് കൂടുതൽ സമയം; ആവശ്യം സ്പീക്കർ തള്ളി
Saturday, February 22, 2025 2:23 AM IST
തിരുവനന്തപുരം: ബജറ്റിലേക്കുള്ള ധനാഭ്യർഥന ചർച്ചയിൽ പട്ടികജാതി- വർഗ, മറ്റു പിന്നാക്ക- ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമം സംബന്ധിച്ച ധനാഭ്യർഥന ചർച്ച ചെയ്യാൻ കൂടുതൽ സമയം വേണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം സ്പീക്കർ എ.എൻ. ഷംസീർ തള്ളി.
മുൻപു പൂർണ ദിവസം ഈ വകുപ്പുകളുടെ ധനാഭ്യർഥന ചർച്ചയ്ക്കായി മാറ്റിവച്ചിരുന്നു. നിലവിലെ ഷെഡ്യൂൾ പ്രകാരം മാർച്ച് 19ന് ഇത് ഉൾപ്പെടെ ഏഴ് ധനാഭ്യർഥനകൾ ചർച്ചയ്ക്കെടുക്കും.
ഫലപ്രദമായി ചർച്ച ചെയ്യാൻ ഷെഡ്യൂൾ പുനഃക്രമീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്പീക്കറോട് ആവശ്യപ്പെട്ടു.
ചട്ടം 143, കീഴ്വഴക്കങ്ങൾ എന്നിവ അനുസരിച്ച് പ്രതിപക്ഷ നേതാവിന്റെ നിർദേശം കൂടി പരിഗണിച്ചാണ് ധനാഭ്യർഥന ചർച്ച ടൈംടേബിൾ തയാറാക്കുന്നത്. എന്നാൽ ഇത്തവണ പ്രതിപക്ഷ നേതാവിന്റെ നിർദേശം പൂർണമായി തള്ളുന്ന സമീപനമാണ് സ്പീക്കർ സ്വീകരിച്ചതത്രേ.
കൂടുതൽ സമയം ലഭിക്കുന്ന തരത്തിൽ ധനാഭ്യർഥന ചർച്ചയ്ക്കുള്ള ഷെഡ്യൂൾ പുനഃക്രമീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് സ്പീക്കർക്കു കത്തും നൽകി.
പിന്നാക്ക വിഭാഗങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതു പ്രതിപക്ഷം സഭയിൽ ഉന്നയിക്കുകയും സർക്കാർ പ്രതിരോധത്തിലാകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചർച്ചയ്ക്ക് സമയം അനുവദിക്കാത്ത നടപടി.
എന്നാൽ, കഴിഞ്ഞ 12നു ചേർന്ന കാര്യോപദേശകസമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഷെഡ്യൂൾ തയാറാക്കിയതിനാൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സ്പീക്കർ നിർദേശിച്ചതെന്നാണ് നിയമസഭാ സെക്രട്ടേറിയറ്റ് പ്രതിപക്ഷത്തെ അറിയിച്ചത്.
കാര്യോപദേശക സമിതി റിപ്പോർട്ട് പ്രകാരം, ധനാഭ്യർഥന ചർച്ച 13 ദിവസത്തിൽ നിന്ന് ഏഴാക്കി പരിമിതപ്പെടുത്തിയിരുന്നു. ധനാഭ്യർഥന ഏതൊക്കെ ദിവസം ചർച്ചചെയ്യണമെന്ന മുൻഗണനാക്രമം അംഗീകരിച്ചില്ല.
ധനാഭ്യർഥനകളിൽ സർക്കാർ വെട്ടിക്കുറയ്ക്കൽ വരുത്തിയതിലൂടെ പട്ടികജാതി-വർഗ, ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമ പദ്ധതികൾ ഉൾപ്പെടെ മുടങ്ങുകയും നടപ്പു സാന്പത്തിക വർഷം പ്രതിസന്ധിയിലാകുകയും ചെയ്ത സാഹചര്യത്തിലാണു ചർച്ചയ്ക്ക് പര്യാപ്തമായ സമയം അനുവദിക്കുന്ന തരത്തിൽ ഷെഡ്യൂൾ പുനഃക്രമീകരിക്കണമെന്ന് ആവശ്യമുയർന്നത്.