കടമെടുപ്പു പരിധി കഴിയുന്നു ; മാർച്ചിലെ ചെലവുകൾ നേരിടുന്നത് സങ്കീർണമാകും
Saturday, February 22, 2025 2:23 AM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അനുവദിച്ച കടമെടുപ്പു പരിധി അവസാനിക്കുന്നു. വരുന്ന 25ന് 1920 കോടി രൂപ കൂടി കടമെടുക്കുന്നതോടെയാണ് കേരളത്തിന് അനുവദിച്ച കടമെടുപ്പു പരിധി അവസാനിക്കുന്നത്.
നടപ്പു സാന്പത്തിക വർഷം 40,290 കോടി രൂപ കടമെടുക്കാനായിരുന്നു കേന്ദ്രാനുമതി. ഈ പരിധിയാണ് ചൊവ്വാഴ്ച റിസർവ് മുംബൈ ഓഫീസിൽ കടപത്രം പുറത്തിറക്കുന്നതോടെ അവസാനിക്കുന്നത്.
സാന്പത്തിക വർഷാവസാനമായ മാർച്ചിൽ കരാറുകാരുടെ ബില്ലുകൾ അടക്കമുള്ള ചെലവുകൾ കൂട്ടത്തോടെ എത്തുന്പോൾ പിടിച്ചുനിൽ ക്കാനുള്ള വഴി തേടുകയാണ് ധനവകുപ്പ്. മാർച്ചിൽ 15,000 കോടി രൂപയെങ്കിലും കണ്ടെത്തിയാൽ മാത്രമേ ട്രഷറി സ്തംഭനമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ.
ഈ മാസം ഒരു ഗഡു ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നുണ്ട്. അടുത്ത മാസത്തെ ശന്പളം, പെൻഷൻ, ക്ഷേമപെൻഷൻ തുടങ്ങിയവ വിതരണം ചെയ്യേണ്ടതുണ്ട്. 10,000 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്രത്തോട് അനുമതി തേടും.
ഇല്ലെങ്കിൽ മറ്റു മാർഗങ്ങളിൽ പണം കണ്ടെത്താനുള്ള ശ്രമവും തുടരും. ചെലവുകളും ബില്ലുകളും കൂട്ടത്തോടെയെത്തുന്പോൾ ട്രഷറി സ്തംഭനം ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് ധനവകുപ്പിനു മുന്നിലുള്ള മാർഗം.