റോഡ് വികസനം; കേരളത്തിന് 50,000 കോടി
Saturday, February 22, 2025 2:23 AM IST
സിജോ പൈനാടത്ത്
കൊച്ചി: കേരളത്തിൽ റോഡുകളുടെ വികസനത്തിന് 50,000 കോടി രൂപയുടെ പദ്ധതികൾ ഉടൻ നടപ്പാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.
31 പദ്ധതികളിലായി 896 കിലോമീറ്റർ പാതയുടെ പ്രവർത്തനങ്ങളാണു വേഗത്തിലാക്കുകയെന്ന് മന്ത്രി അറിയിച്ചു. കൊച്ചിയിൽ ആരംഭിച്ച ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ ഉദ്ഘാടനസമ്മേളനത്തിൽ ഓൺലൈനായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മൂന്നു ലക്ഷം കോടിയുടെ റോഡ്, അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ കേരളത്തിനായി കേന്ദ്രം ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന്റെ ആകർഷകഘടകങ്ങളായ ടൂറിസം, ആരോഗ്യം എന്നീ മേഖലകളിൽ കൂടുതൽ വളർച്ചയ്ക്കു റോഡുകളുടെ വികസനം അനിവാര്യമാണ്. കേരളത്തിൽ രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യവികസനത്തിന് കേന്ദ്രസര്‍ക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ വ്യാവസായിക, സാമ്പത്തിക, വികസന സംരംഭങ്ങള്‍ക്ക് കേന്ദ്രം പൂര്‍ണ പിന്തുണ നല്‍കുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ഇൻവെസ്റ്റ് കേരള ഉച്ചകോടിയിൽ പറഞ്ഞു. കേരളം ഇന്ത്യയുടെ വികസനത്തിലേക്കുള്ള കവാടമായി മാറിയിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ജയന്ത് ചൗധരി പറഞ്ഞു. നൈപുണ്യശേഷിയിലൂടെ രാജ്യത്തിനു വലിയ സംഭാവന നല്കാന് കേരളത്തിന് സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
“നിക്ഷേപകര്‍ക്ക് ഇനി തടസമുണ്ടാകില്ല’’
കൊച്ചി: നിക്ഷേപകർക്ക് ബുദ്ധിമുട്ടുകളില്ലാതെ സമയബന്ധിതമായി സംരംഭക പ്രവർത്തനങ്ങളുമായി മുന്നോട്ടുനീങ്ങാനുള്ള സാഹചര്യം സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചിയിൽ ദ്വിദിന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി (ഐകെജിഎസ് 2025) ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ നിക്ഷേപസാഹചര്യം ചരിത്രപരമായ പരിവര്‍ത്തനത്തിലാണ്. ഏറ്റവുമെളുപ്പത്തില്‍ സംരംഭം ആരംഭിക്കാന്‍ സാധിക്കുന്ന ഇടമായി കേരളം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ വികസന പദ്ധതികൾ
തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ്
(ദൂരം- 62.7 കിലോമീറ്റർ, ചെലവ് 5000 കോടി. നിർമാണം തുടങ്ങുന്നത് -അഞ്ചു മാസത്തിനകം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള പ്രധാന കോറിഡോറാകും. )
കൊല്ലം - ചെങ്കോട്ട പാത
(ദൂരം - 38.6 കിലോമീറ്റർ, ചെലവ് 300 കോടി. നിർമാണം തുടങ്ങുന്നത് -അഞ്ചു മാസത്തിനകം. കൊല്ലത്തെയും തമിഴ്നാട്ടിലെ ചെങ്കോട്ട, തെങ്കാശി, തിരുനൽവേലി നഗരങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പാത.)
കോഴിക്കോട്-പാലക്കാട് ദേശീയപാത 966 നാലുവരിയാക്കൽ
(ദൂരം- 120 കിലോമീറ്റർ, ചെലവ് 10,814 കോടി. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ കടന്നുപോകുന്ന പാത വടക്കൻ കേരളത്തെ കോയന്പത്തൂരുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന യാത്രാമാർഗമാകും.)
അങ്കമാലി - കുണ്ടന്നൂർ ആറുവരി ബൈപാസ്
( ദൂരം- 45 കിലോമീറ്റർ, ചെലവ്- 6500 കോടി. നിർമാണം തുടങ്ങുന്നത്- ആറു മാസത്തിനകം.)