"2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തും’
Saturday, February 22, 2025 2:23 AM IST
കൊച്ചി: തന്ത്രപരമായ നിക്ഷേപങ്ങള്‍, സുസ്ഥിര വികസനം, അഭിവൃദ്ധി പ്രാപിച്ച വ്യാവസായിക ആവാസവ്യവസ്ഥ എന്നിവയിലൂടെ 2047 ഓടെ കേരളം 88 ലക്ഷം കോടി രൂപ (1 ട്രില്യണ്‍ ഡോളര്‍) സാമ്പത്തികവളര്‍ച്ച കൈവരിക്കുമെന്ന് വിദഗ്ധര്‍.
ഇന്ത്യയിലെ ആദ്യത്തെ സുസ്ഥിര ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ കേരളത്തിനു കഴിയുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഭാഗമായി "കേരളം ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക്’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് ഈ അഭിപ്രായമുയര്‍ന്നത്.
2000 മുതല്‍ കേരളത്തിന്റെ മൊത്ത സംസ്ഥാന ആഭ്യന്തര ഉത്പാദനം (ജിഎസ്ഡിപി) ഓരോ 67 വര്‍ഷത്തിലും ഇരട്ടിയായെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെഎസ്ഐഡിസി ചെയര്മാന് സി. ബാലഗോപാല്‍ പറഞ്ഞു. വ്യാവസായിക സൗഹൃദ ആവാസവ്യവസ്ഥയും തന്ത്രപരമായ നിക്ഷേപങ്ങളും സുസ്ഥിര വികസനവുമാണ് വളര്‍ച്ചയ്ക്കുള്ള പ്രധാന ഘടകങ്ങള്‍.
കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 0.72 ട്രില്യണ്‍ ഡോളറില്‍നിന്ന് 3.86 ട്രില്യണ്‍ ഡോളറായി വളര്‍ന്നുവെന്ന് ഐബിഎസ് സ്ഥാപകനും എക്സിക്യുട്ടീവ് ചെയര്‍മാനുമായ വി.കെ. മാത്യൂസ് പറഞ്ഞു. മാലിന്യസംസ്കരണം, അടിസ്ഥാനസൗകര്യ വികസനം. ഡിജിറ്റൈസേഷന് എന്നിവയിലൂന്നിയ കേരളമാണു സംരംഭകത്വത്തിന് ആവശ്യമെന്നും ഇതിനായി സര്‍ക്കാര്‍ ഏറ്റവും മികച്ച നിയമങ്ങളും ചട്ടങ്ങളും സൃഷ്ടിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒഇഎന്‍ ഇന്ത്യ ലിമിറ്റഡ് എംഡി പമേല അന്ന മാത്യു, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് എംഡി അദീബ് അഹമ്മദ്, ഗ്രൂപ്പ് മീരാന്‍ ചെയര്മാന് നവാസ് മീരാന്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.