തലശേരിയിൽ പോലീസിനെ ആക്രമിച്ച പ്രതിയെ മോചിപ്പിച്ചു; സിപിഎമ്മുകാരൻ അറസ്റ്റിൽ
Saturday, February 22, 2025 2:23 AM IST
തലശേരി: തിരുവങ്ങാട് ഇല്ലത്ത് താഴെ മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെ പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയിൽനിന്നു മോചിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
സിപിഎം പ്രവർത്തകനായ കുട്ടിമാക്കൂൽ പെരിങ്കളത്തെ നിലാവ് വീട്ടിൽ ലിനീഷിനെയാണു തലശേരി ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പുലർച്ചെ ഉത്സവ സ്ഥലത്ത് പോലീസിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ദിപൻ എന്നയാളെയാണു സിപിഎം സംഘം ബലമായി മോചിപ്പിച്ചത്.
പ്രതിയെ മോചിപ്പിച്ച സംഭവത്തിൽ ജിതിൻ, ശബരീഷ്, പ്രദീപ്, സന്ദേശ് തുടങ്ങിയ സിപിഎം പ്രാദേശിക നേതാക്കൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന 61 സിപിഎം പ്രവർത്തകർക്കതിരേ പോലീസ് കേസെടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്കാണു പ്രതിയെ സ്ത്രീകൾ ഉൾപ്പെടെയുള്ള സി പിഎം പ്രവർത്തകർ മോചിപ്പിച്ചത്.
വ്യാഴാഴ്ച പുലർച്ചെ ഉത്സവസ്ഥലത്ത് സിപിഎം- ബിജെപി സംഘർഷം തടയാനെത്തിയ പോലീസ് സംഘത്തെ ആക്രമിച്ച സംഭവത്തിൽ 27 സിപിഎം പ്രവർത്തകർക്കെതിരേ കേസെടുത്തതിനു പിന്നാലെയാണു പ്രതിയെ മോചിപ്പിച്ച സംഭവത്തിൽ 61 സിപിഎം പ്രവർത്തകർക്കെതിരേക്കൂടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഇതോടെ പോലീസിനെ ആക്രമിച്ചതിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ആകെ 88 സിപിഎം പ്രവർത്തകർക്കെതിരേയാണു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ട് എഫ്ഐആറിലും ജാമ്യമില്ലാ വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്.