ആശാവർക്കർമാരെ കൈവിട്ടത് ക്രൂരമായിപ്പോയെന്ന് കെ. സുധാകരൻ
Saturday, February 22, 2025 2:23 AM IST
തിരുവനന്തപുരം: ഡൽഹിയിൽ ബിജെപിക്കും സിപിഎമ്മിനും ഇടയിൽ പാലം പണിയുന്ന പ്രഫ കെ.വി തോമസിന്റെ യാത്രാബത്ത അഞ്ച് ലക്ഷം രൂപയിൽ നിന്ന് 11.31 ലക്ഷമാക്കി ഉയർത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പാവപ്പെട്ട ആശാവർക്കർമാരുടെ 7000 രൂപയുടെ ഓണറേറിയം വർധിപ്പിക്കണമെന്ന ആവശ്യം തള്ളിക്കളഞ്ഞത് ക്രൂരമായിപ്പോയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാരെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മറ്റെല്ലാമേഖലയിലും ശന്പളം വർധിപ്പിക്കുന്പോൾ ആശാവർക്കർക്ക് മാത്രം ഒരു പരിഗണനയുമില്ല. ആശ വർക്കർമാരുടെ പോരാട്ടത്തിന് കോണ്ഗ്രസിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി. ആശാവർക്കർമാർക്ക് കേന്ദ്രവിഹിതവും കിട്ടുന്നില്ല. മോദി സർക്കാരും പിണറായി സർക്കാരും ഒറ്റക്കെട്ടായി ആശാവർക്കമാരെ കൈവിട്ടു. സന്പന്നരുടെ ആവശ്യമാണെങ്കിൽ ഇവർ ഒറ്റക്കെട്ടായി അവർക്കുവേണ്ടി പോരാടിയേനെയെന്നും കെ.സുധാകരൻ പറഞ്ഞു.
സമരം ന്യായം: ബിനോയ് വിശ്വം
തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരം ന്യായമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അവരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണം. ഇക്കാര്യം സർക്കാർ ഗൗരവമായി ചർച്ച ചെയ്യുമെന്നാണു കരുതുന്നത്.
പിഎസ്സിയിലെ ശന്പള വർധനവിനെയും ബിനോയ് വിശ്വം വിമർശിച്ചു. മെച്ചപ്പെട്ട സാഹചര്യം ഉള്ളവർക്ക് സഹായ ഹസ്തം നീട്ടുന്പോൾ ആശാ വർക്കർമാരെ അവഗണിക്കരുതെന്നും സമൂഹം എല്ലാം കാണുന്നുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
സമരം ചെയ്യേണ്ടത് കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ: തോമസ് ഐസക്ക്
കണ്ണൂർ: ആശാ വർക്കർമാർ സമരം ചെയ്യേണ്ടതു കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലാണെന്നു മുൻ ധനന്ത്രി ഡോ. തോമസ് ഐസക്ക്. കേന്ദ്രം തരാനുള്ള പണം തരുന്നില്ല.
ആശാ വർക്കർമാരുടെ ഇൻസെന്റീവ് കേന്ദ്രവും സംസ്ഥാനവും ചേർന്നാണു നൽകേണ്ടത്. എൽഡിഎഫ് സർക്കാർ വേതനം ആയിരത്തിൽ നിന്ന് 13,000 ആയി വർധിപ്പിച്ചുവെന്നും സംസ്ഥാനത്തിന്റെ വിഹിതത്തിലാണു വർധന വരുത്തിയതെന്നും കേന്ദ്രം വർധന വരുത്താൻ തയാറായിട്ടില്ലെന്നും തോമസ് ഐസക്ക് മാധ്യമങ്ങളോടു പറഞ്ഞു.
കേന്ദ്രത്തെ പഴിക്കുന്ന സമീപനം പരിഹാസ്യം: വി. മുരളീധരൻ
തൃശൂർ: സമരം ചെയ്യുന്ന ആശാ വർക്കർമാരോടുള്ള നിഷേധാത്മകസമീപനം കേരള സർക്കാർ അവസാനിപ്പിക്കണമെന്നു മുൻകേന്ദ്രമന്ത്രി വി. മുരളീധരൻ.
പാവപ്പെട്ട സ്ത്രീകൾ തെരുവിൽ സമരം ചെയ്യുന്പോൾ പിഎസ്സി അംഗങ്ങൾക്കും കെ.വി. തോമസിനുമെല്ലാം ലക്ഷങ്ങൾ കൂട്ടിക്കൊടുക്കുന്നതിലൂടെ ആശാ വർക്കർമാരെ അപമാനിക്കുകയാണ് എൽഡിഎഫ് സർക്കാർ.
അധ്വാനിക്കുന്ന തൊഴിലാളിവർഗത്തിന്റെയല്ല, നാട്ടിലെ വരേണ്യവർഗത്തിന്റെ പാർട്ടിയാണ് എന്നു തെളിയിക്കുകയാണു സിപിഎം. കോവിഡ് കാലത്ത് ആശാ വർക്കർമാർ നടത്തിയ ഇടപെടലാണ് ഭരണത്തുടർച്ച ഉറപ്പാക്കിയതെന്ന വസ്തുതയെങ്കിലും മുഖ്യമന്ത്രി ഓർമിക്കണമായിരുന്നുവെന്നും മുരളീധരൻ തൃശൂരിൽ മാധ്യമങ്ങളോടു പറഞ്ഞു.