ദീപിക വാർത്തയിൽ നടപടി; ക്രൈസ്തവ ജീവനക്കാരെ അവഹേളിക്കുന്ന സർക്കുലർ പിൻവലിച്ചു
Saturday, February 22, 2025 2:23 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: ക്രിസ്തുമത വിശ്വാസികളായ ജീവനക്കാർ വരുമാന നികുതി അടയ്ക്കാതെ നിയമലംഘനം നടത്തുന്നുവെന്നു കാണിച്ച് നല്കിയ അടിസ്ഥാനമില്ലാത്ത പരാതിയിൽ അന്വേഷണം നടത്തണമെന്ന വിവാദ സർക്കുലർ പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു.
ക്രൈസ്തവ സമൂഹത്തെ അപമാനിക്കുന്ന തരത്തിൽ ഇറക്കിയ സർക്കുലർ സംബന്ധിച്ച വാർത്ത ദീപിക കഴിഞ്ഞ ദിവസം പുറത്തു കൊണ്ടുവന്നതിനു പിന്നാലെയാണ് വിവാദ സർക്കുലർ പിൻവലിച്ച് സർക്കാർ തലയൂരിയത്. കഴിഞ്ഞ 13ന് ഇറക്കിയ സർക്കുലറിൽ തുടർനടപടികൾ വേണ്ടെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്നലെ ഇറക്കിയ പുതിയ സർക്കുലറിൽ പറയുന്നത്.
കോഴിക്കോട് കാരന്തൂർ സ്വദേശി കെ. അബ്ദുൾ കലാം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിരുത്തരവാദപരമായ അബദ്ധ സർക്കുലർ ഇറക്കിയത്. പരാതിയിൽ പറഞ്ഞിട്ടുള്ള വരുമാനനികുതി വിഷയം കേന്ദ്രസർക്കാരിന്റെ പരിധിയിൽ വരുന്നതാണെന്ന പ്രാഥമിക അറിവുപോലും വിദ്യാഭ്യാസവകുപ്പ് തലപ്പത്തെ ഉദ്യോഗസ്ഥർക്ക് ഇല്ലേ എന്ന ചോദ്യം ഉയർന്നിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് വിജിലൻസ് വിഭാഗമാണ് സർക്കുലർ ഇറക്കിയതെന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിച്ചു.
ഒരു പ്രത്യേക മതവിഭാഗത്തിലെ ആളുകളെ മാത്രം ലക്ഷ്യമിട്ട് ഒരു വ്യക്തി പരാതി നല്കിയപ്പോൾ പരാതിക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന പ്രാഥമിക പരിശോധന പോലും നടത്താതെയാണ് സർക്കുലർ ഇറക്കിയത്.
ഈ മാസം 13ന് ഇറക്കിയ സർക്കുലറിലെ നിർദേശം ഇങ്ങനെ: സർക്കാർ ശന്പളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ജീവനക്കാർ വരുമാന നികുതി അടയ്ക്കാതെ നിയമലംഘനം നടത്തിയതുമായി ബന്ധപ്പെട്ട് സൂചന പ്രകാരം ലഭ്യമായ പരാതി ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. ഈ പരാതിയിന്മേൽ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചിരിക്കുന്നു.
സർക്കുലറിനൊപ്പം ചേർത്തിട്ടുള്ള പരാതിയിൽ പരാതിക്കാരൻ പറയുന്നത് ക്രിസ്ത്യൻ സഭകൾ നടത്തുന്ന എയ്ഡഡ് കോളജുകൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ സർക്കാർ ശന്പളം വാങ്ങി ജോലി ചെയ്യുന്ന ക്രിസ്തുമതവിശ്വാസികളായ ജീവനക്കാർ വരുമാനനികുതി നിയമങ്ങൾ ഉൾപ്പെടെ രാജ്യത്തെ നിലവിലുള്ള മറ്റു സർക്കാർ നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തി ഒരു രൂപ പോലും വരുമാന നികുതി അടയ്ക്കാതെ മുങ്ങി നടക്കുന്നുവെന്നാണ്.
ഈ പരാതിയിന്മേലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വേണ്ടത്ര പരിശോധനകൾ നടത്താതെ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അന്വേഷണത്തിനായി സർക്കുലർ അയച്ചത്. എന്നാൽ ഇത് വിവാദമായതിനു പിന്നാലെ ഇന്നലെ ഇറക്കിയ സർക്കുലറിൽ ക്രിസ്തുമത വിശ്വാസികൾ എന്ന പരാമർശം ഉൾപ്പെടുത്തിയിട്ടില്ല.