കിഫ്ബി ടോൾ: തീരുമാനിക്കേണ്ടത് സര്‍ക്കാരെന്ന് ടി.പി. രാമകൃഷ്ണന്
Sunday, February 23, 2025 12:59 AM IST
കോഴിക്കോട്: കിഫ്ബി റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള സര്‍ക്കാര്‍നീക്കത്തെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണൻ. കിഫ്ബിയെ സംരക്ഷിക്കണമെന്നാണ് എൽഡിഎഫ് നിലപാട്.
കിഫ്ബി വഴി വരുമാനം ഉണ്ടാവണമെന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ടോൾ പിരിക്കണോ എന്നു സർക്കാരാണ് തീരുമാനിക്കേണ്ടത്. ടോൾ പിരിക്കണമെന്ന് എൽഡിഎഫ് തീരുമാനിച്ചിട്ടില്ലെന്നും ടി.പി. രാമകൃഷ്ണൻ കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
സർക്കാർ പഠനം നടത്തട്ടെ, അതിനു ശേഷം തീരുമാനം പറയാം. എലപ്പുള്ളി ബ്രൂവറി വിഷയത്തിൽ ജലവിനിയോഗത്തെക്കുറിച്ചു പഠനം നടത്തണം. കുടിവെള്ളത്തെയും കൃഷിയെയും ബാധിക്കാത്ത രീതിയിൽ പദ്ധതി വേണമെന്നാണ് എൽഡിഎഫ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ആശാവർക്കർമാരുടെ സമരത്തിൽ സംസ്ഥാനം ചെയ്യാവുന്നതെല്ലാം ചെയ്തുവെന്നും ഇനി എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അതും ചെയ്യും. സംസ്ഥാനം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും കേന്ദ്രം പണം നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.