ഓണ്‍ലൈന്‍ ചാനലിനെതിരേ മാനനഷ്ടക്കേസ്; മാര്‍ സ്ലീവാ മെഡിസിറ്റിയുടെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു
Sunday, February 23, 2025 12:59 AM IST
പാലാ: സമൂഹമാധ്യമത്തിലൂടെ മാര്‍ സ്ലീവാ മെഡിസിറ്റിക്ക് എതിരെ സത്യവിരുദ്ധവും ദുരുദ്ദേശ്യപരവുമായ വാര്‍ത്തകള്‍ തുടര്‍ച്ചയായി നല്കി അപവാദപ്രചരണം നടത്തുന്ന ഐടുഐ ചാനലിനെയും മാനേജിംഗ് എഡിറ്റര്‍ സുനില്‍ മാത്യുവിനെയും പ്രതി ചേര്‍ത്ത് പാലാ മാര്‍ സ്ലീവാ മെഡിസിറ്റി ഈരാറ്റുപേട്ട ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.
ഐടുഐ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ വഴി 2025 ഫെബ്രുവരി 4,6, 8 തീയതികളിലും തുടര്‍ന്നും മാര്‍ സ്ലീവാ മെഡിസിറ്റിയേയും ആശുപത്രി രക്ഷാധികാരി പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെയും അപകീര്‍ത്തിപ്പെടുത്തി നിരന്തരം പ്രസിദ്ധീകരിച്ച അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ക്കെതിരേയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കുന്നതോടൊപ്പം അഞ്ചു കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് മാര്‍ സ്ലീവാ മെഡിസിറ്റി ഓപ്പറേഷന്‍സ് ആന്‍ഡ് ലീഗല്‍ ഡയറക്ടര്‍ ഫാ. ജോസ് കീരഞ്ചിറ കോടതിയില്‍ അഡ്വ. മാര്ട്ടിന് മാത്യു കാക്കല്ലില്‍ മുഖേന കേസ് ഫയല്‍ ചെയ്തത്.
കേസ് ഫയലില്‍ സ്വീകരിച്ച കോടതി അടുത്ത മാസം 14 ന് പ്രതികള്‍ കോടതിയില്‍ ഹാജരാകുന്നതിനും ഉത്തരവായി.