കെജിഒയു സംസ്ഥാനസമ്മേളനം ഇന്നും നാളെയും തൃശൂരിൽ
Saturday, February 22, 2025 2:23 AM IST
തൃശൂർ: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (കെജിഒയു) സംസ്ഥാനസമ്മേളനം ഇന്നും നാളെയും തൃശൂരിൽ. രാവിലെ 10.30നു പുഴയ്ക്കൽ വെഡ്ഡിംഗ് വില്ലേജിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം 23ന് രാവിലെ 11ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും.
ഉയർന്ന വേതനം പറ്റുന്ന ഐപിഎസ്, ഐഎഎസുകാർക്കും മറ്റും ശന്പളവർധന നടപ്പാക്കുന്പോൾ തുച്ഛമായ വേതനവർധന നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു നൂറുകണക്കിന് ആശ വർക്കർമാർ ഒരാഴ്ചയായി നടത്തുന്ന സമരത്തെ അവഗണിക്കുകയാണെന്നും ഇടതുഭരണത്തിന്റെ തിക്താനുഭവങ്ങൾ സമസ്തമേഖലകളിലും വ്യാപിച്ചെന്നും സ്വാഗതസംഘം ചെയർമാനും ഡിസിസി പ്രസിഡന്റുമായ അഡ്വ. ജോസഫ് ടാജറ്റ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
11-ാം ശന്പളപരിഷ്കരണ കുടിശിക, എല്ലാക്കാലത്തും ആറു ഗഡു ഡിഎ കുടിശിക, ലീവ് സറണ്ടർ, യുജിസിഎ - ഐസിടിഇ ജീവനക്കാരുടെ ശന്പളപരിഷ്കരണ കുടിശിക, മെഡിസെപ്പ്, ജീവാനന്ദം, ആശ്രിതനിയമന അട്ടിമറി, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കൽ എന്നിങ്ങനെ എട്ടരവർഷവും വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ ഉഴലുകയാണു സർക്കാർ. സർക്കാർ നയങ്ങൾക്കെതിരേ ഗൗരവമേറിയ ആശയസംവാദങ്ങൾക്കൊപ്പം സംഘടനാപരമായ ചർച്ചകളും സമ്മേളനത്തിലുണ്ടാകുമെന്നും സംസ്ഥാന പ്രസിഡന്റ് കെ.സി. സുബ്രഹ്മണ്യൻ പറഞ്ഞു.
സംസ്ഥാനസെക്രട്ടറി വി.എം. ഷൈൻ, ട്രഷറർ ബി. ഗോപകുമാർ, സ്വാഗതസംഘം ജനറൽ കണ്‍വീനർ ഡോ. സി.ബി. അജിത് കുമാർ, കണ്‍വീനർ പി. രാമചന്ദ്രൻ, സംസ്ഥാനഭാരവാഹികളായ ഡോ. ആർ. രാജേഷ്, സി.വി. ബെന്നി, ഡോ. ജി.പി. പദ്മകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.