ഇന്‍വെസ്റ്റ് കേരള ഉച്ചകോടിക്ക് ഉജ്വല തുടക്കം
Saturday, February 22, 2025 2:23 AM IST
കൊച്ചി: സംരംഭങ്ങൾ തുടങ്ങാൻ കേരളത്തിലേക്കെത്തുന്ന നിക്ഷേപകർക്ക് ഒരുവിധത്തിലുള്ള തടസങ്ങളും അഭിമുഖീകരിക്കേണ്ടിവരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കേരളത്തിന്റെ നിക്ഷേപസാഹചര്യം ചരിത്രപരമായ പരിവര്‍ത്തനത്തിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ ദ്വിദിന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി (ഐകെജിഎസ് 2025) ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിക്ഷേപകർക്ക് ബുദ്ധിമുട്ടുകളില്ലാതെ സംരംഭക പ്രവർത്തനങ്ങളുമായി മുന്നോട്ടുനീങ്ങാനുള്ള സാഹചര്യം സർക്കാർ ഉറപ്പാക്കും. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലളിതമാക്കി. വ്യാവസായിക അന്തരീക്ഷത്തെ പ്രചോദിപ്പിക്കുന്ന നിരവധി നിയമങ്ങളും നയങ്ങളും സര്‍ക്കാര്‍ കൊണ്ടുവന്നു. സംസ്ഥാനം ഇപ്പോള്‍ നിക്ഷേപസൗഹൃദ പദവിയിലേക്ക് കുതിക്കുകയാണ്. ഇതിന് സര്‍ക്കാരിന്റെ അനുകൂല നയങ്ങള്‍ ഊര്‍ജമാകും. ഏറ്റവുമെളുപ്പത്തില്‍ സംരംഭം ആരംഭിക്കാന്‍ സാധിക്കുന്ന ഇടമായി കേരളം മാറി.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സൂചികയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാംസ്ഥാനത്താണ്. കേരളത്തിന്റെ സംരംഭക വര്‍ഷം പദ്ധതി ദേശീയതലത്തില്‍ മികച്ച മാതൃകയാണ്. ഡിജിറ്റല്‍ കണക്ടിവിറ്റി, ഗതാഗതസൗകര്യങ്ങള്‍, തടസമില്ലാത്ത വൈദ്യുതി എന്നിവയുള്‍പ്പെടെയുള്ള മികച്ച അടിസ്ഥാനസൗകര്യങ്ങള്‍ കേരളത്തിനുണ്ട്. ഭാവി സാങ്കേതികവിദ്യയാല്‍ നയിക്കപ്പെടുന്ന വ്യവസായങ്ങള്‍ക്ക് ആവശ്യമായ ഏറ്റവും മികച്ച മാനവ വിഭവശേഷി സംസ്ഥാനത്തുണ്ട്. കേരളത്തിന്റെ ഈ വ്യവസായ ആവാസവ്യവസ്ഥയുടെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടത് നിക്ഷേപകരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ നടക്കുന്ന ഉച്ചകോടിയിൽ ഓൺലൈനായി പങ്കെടുത്തു പ്രസംഗിച്ച കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സംസ്ഥാനത്തെ 31 റോഡുകളുടെ വികസനപദ്ധതികള്‍ പ്രഖ്യാപിച്ചു. വ്യവസായങ്ങളുടെ സ്വര്‍ഗമായി കേരളം മാറിയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി പി. രാജീവ് പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, ജയന്ത് ചൗധരി, യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിന്‍ തൗക് അല്‍ മാരി, ബഹറിന്‍ വാണിജ്യ വ്യവസായ മന്ത്രി അബ്ദുള്ള ബിന്‍ അദേല്‍ ഫഖ്രു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മന്ത്രിമാരായ എം.ബി. രാജേഷ്, വി.എന്‍. വാസവന്, സജി ചെറിയാന്, ജി.ആര്. അനില്‍, ജി20 ഷെര്‍പ അമിതാഭ് കാന്ത്, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ എം.എ. യൂസഫലി, സിഐഐ പ്രസിഡന്റ് സഞ്ജീവ് പുരി, അദാനി പോര്‍ട്സ് എംഡി കരണ്‍ അദാനി, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്, വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവർ പ്രസംഗിച്ചു.
വിവിധ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും ഇന്നലെ നടന്നു. സംസ്ഥാനത്തെ പൊതു-സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളുടെയും വിദേശരാജ്യങ്ങളുടെയും സ്റ്റാളുകൾ ഉൾപ്പെടുത്തി പ്രദർശനവും ഇന്നലെ ആരംഭിച്ചു. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആഗോളതലത്തിലുള്ള ബിസിനസ് പ്രമുഖർ എന്നിവരുള്‍പ്പെടെ 3000 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ചർച്ചകൾ ഇന്നും തുടരും. വൈകുന്നേരം നാലിന് സമാപനസമ്മേളനം നടക്കും.
നിക്ഷേപ സൗഹൃദ സംസ്കാരം സിപിഎം പ്രതിപക്ഷത്താകുന്പോഴും വേണം: വി.ഡി. സതീശൻ

കൊച്ചി: കേരളത്തിലെ നിക്ഷേപസൗഹൃദ സംസ്കാരം സിപിഎം പ്രതിപക്ഷത്തു വരുന്പോഴും തുടരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സുതാര്യമല്ലാതെ സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രതിപക്ഷം ചോദ്യം ചെയ്യുമെന്നും അദ്ദേഹം ഇൻവെസ്റ്റ് കേരള ഉച്ചകോടിയുടെ ഉദ്ഘാടനസമ്മേളനത്തിൽ പറഞ്ഞു.
സർക്കാരിന്റെ നല്ല കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കും. കേരളത്തില്‍ അവസാനം നടന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് അന്നത്തെ പ്രതിപക്ഷം ബഹിഷ്കരിച്ചു. എന്നാല്‍ ഇപ്പോഴത്തെ പ്രതിപക്ഷം പിന്തുണ നല്കുകയാണു ചെയ്തത്. കെ-റെയില്‍ കേരളത്തില്‍ ദുരന്തമാകും എന്നതുകൊണ്ടാണ് എതിര്‍ത്തത്. ആ പദ്ധതിക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല, ലഭിക്കുകയുമില്ല.
അതു കേരളത്തെ സാമ്പത്തികമായും തകര്‍ക്കും. കേരളം വിട്ടുപോകുന്ന കുട്ടികളെ ഇവിടെ പിടിച്ചുനിര്ത്തുന്നതിനുവേണ്ടിയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിക്കണം. അതിന് മുന്‍കൈയെടുത്താല്‍ പ്രതിപക്ഷം എല്ലാ പിന്തുണയും നല്കുമെന്നു സതീശൻ പറഞ്ഞു.
യാത്രയ്ക്കു ക്ഷണിച്ച് വിയറ്റ്നാം

കൊച്ചി: വിനോദസഞ്ചാര മേഖലയിലെ സാധ്യതകള്‍ തുറന്നു കാട്ടിയും സഞ്ചാരികളെ മാടിവിളിച്ചും വിയറ്റ്നാം. "ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടി’ യുടെ ഭാഗമായി ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്തില്‍ ഒരുക്കിയിരിക്കുന്ന പ്രദര്ശനസ്റ്റാളിലൂടെയാണു കേരളത്തിന് വിയറ്റ്നാമിന്റെ ക്ഷണം.
പത്തു വര്‍ഷത്തോളമായി ലോക സഞ്ചാരഭൂപടത്തില്‍ ഒഴിച്ചുകൂടാനാകാത്ത നിലയിലേക്കു വളര്‍ന്ന വിയറ്റ്നാമിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും ഭക്ഷണരീതികളുമടക്കം അടുത്തറിയാന്‍ സ്റ്റാള്‍ സന്ദര്‍ശിച്ചാല്‍ മതി.
രാജ്യത്തിന്റെ പരമ്പരാഗത സംഗീതോപകരണമായ ഡാന്ബോ വായിക്കുന്ന രണ്ടു കലാകാരന്മാരെ അവതരിപ്പിച്ചാണ് വിയറ്റ്നാം പ്രദര്‍ശനത്തില്‍ ശ്രദ്ധനേടുന്നത്.
തദ്ദേശീയ വസ്ത്രമണിഞ്ഞ് ഉപകരണം വായിക്കുന്ന കലാകാരന്മാര് വിയറ്റ്നാമിന്റെ വിനോദസഞ്ചാര പ്രൗഢിയെ ഉയര്‍ത്തിക്കാട്ടുന്നു.
കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതും തദ്ദേശീയമായ ഭക്ഷണങ്ങള്‍, സാംസ്കാരിക, പൗരാണിക പ്രത്യേകതകള്‍, കല എന്നിവയെക്കുറിച്ച് വിവരിക്കുന്നതുമെല്ലാം വിയറ്റ്നാം പൗരന്മാര് തന്നെ. കൊച്ചിയില്‍നിന്ന് ആഴ്ചയില്‍ രണ്ടു വിമാനസര്‍വീസുകളാണ് നിലവില്‍ വിയറ്റ്നാമിലേക്കുള്ളത്. യാത്രാദൈര്‍ഘ്യം ആറു മണിക്കൂര്‍.
വിയറ്റ്നാമിനുപുറമേ ഓസ്ട്രേലിയ, ജര്‍മനി, നോര്‍വേ, മലേഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും ഉച്ചകോടിയുടെ ഭാഗമാകുന്നുണ്ട്. അതേസമയം, ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിക്കെത്തിയ വിയറ്റ്നാം പ്രതിനിധിസംഘം ഇന്ന് കളമശേരി സ്റ്റാര്‍ട്ട്അപ്പ് മിഷന് സന്ദര്‍ശിക്കും.
ഉച്ചകോടിയിൽ പ്രമുഖർ
ഇന്ത്യയിലെയും വിദേശത്തെയും ഭരണ, നയതന്ത്ര, വ്യവസായ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യം ശ്രദ്ധേയമാണ്. ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തില്‍ ശ്രദ്ധേയമായ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് യുഎഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുള്ള ബിന്‍ തൗക് അല്‍ മാരി ഉച്ചകോടിയിൽ പറഞ്ഞു.
ഇന്ത്യ യുഎഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. ഭക്ഷ്യസംസ്കരണം, ടൂറിസം, സാങ്കേതികവിദ്യ, ആരോഗ്യസംരക്ഷണം, ബഹിരാകാശം തുടങ്ങിയ സുപ്രധാന മേഖലകളില്‍ കേരളവുമായി സഹകരിക്കാന്‍ യുഎഇക്ക് താത്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 22 അംഗ സംഘത്തെയാണ് അല്‍ മാരി നയിക്കുന്നത്.
ഭക്ഷ്യസുരക്ഷ, ടൂറിസം, ഹോസ്പിറ്റാലിറ്റി, സെമികണ്ടക്ടര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരളവുമായി പങ്കാളിത്തം ആഗ്രഹിക്കുന്നുണ്ടെന്ന് ബഹറിന്‍ വാണിജ്യ വ്യവസായ മന്ത്രി അബ്ദുള്ള ബിന്‍ അദേല്‍ ഫഖ്രു പറഞ്ഞു.
വ്യവസായ പ്രമുഖരായ അദീബ് അഹമ്മദ്, അനസൂയ റേ, അനില്‍ ഗാന്‍ജു, ഡോ. ആസാദ് മൂപ്പന്, ജീന്‍ മാനേ, ജോഷ് ഫോള്‍ഗര്‍, മാര്ട്ടിന് സൊന്റാഗ്, മാത്യു ഉമ്മന്‍, മുകേഷ് മേത്ത, എം.എം. മുരുഗപ്പന്‍, രവി പിള്ള, ടി.എസ്. കല്യാണരാമന്, ശശികുമാര്‍ ശ്രീധരന്, ശ്രീപ്രിയ ശ്രീനിവാസന്, വിനീത് വര്‍മ, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുത്തു.
850 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍

കൊച്ചി: രാജ്യത്തെ മുന്‍നിര ആശുപത്രിശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 850 കോടി രൂപയുടെ അധികനിക്ഷേപം നടത്തും. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ നടത്തിയ 500 കോടി രൂപയുടെ നിക്ഷേപത്തിനു പുറമേയാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നതാണ് ഈ നിര്‍ണായക പ്രഖ്യാപനം. ആരോഗ്യസേവന രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ നിക്ഷേപം പ്രയോജനപ്പെടുത്തും.
കൊച്ചിയില്‍ നടക്കുന്ന ആഗോള നിക്ഷേപസംഗമത്തിന്റെ ഭാഗമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ സ്ഥാപക ചെയര്മാന് ഡോ. ആസാദ് മൂപ്പനും ഡയറക്ടര്‍ അനൂപ് മൂപ്പനും മുഖ്യമന്ത്രി പിണറായി വിജയനുമായും മന്ത്രി പി. രാജീവുമായും കൂടിക്കാഴ്ച നടത്തി.
പുതുതായി രണ്ടു പദ്ധതികളാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ കേരളത്തില്‍ ആവിഷ്കരിക്കുന്നത്. 454 കിടക്കകളോടെ തിരുവനന്തപുരത്ത് നിർമിക്കുന്ന ആസ്റ്റര്‍ ക്യാപിറ്റല്‍ ആണ് അതിലൊന്ന്. കാസര്‍ഗോഡ് ആസ്റ്റര്‍ മിംസില്‍ 264 കിടക്കകളും ഉണ്ടാകും. കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയില്‍ അധികമായി 962 കിടക്കകള്‍കൂടി ഉള്‍പ്പെടുത്തും.
2027 സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തോടെ ആസ്റ്റര്‍ ശൃംഖലയിലെ ആശുപത്രികളിലെ ആകെ കിടക്കകളുടെ എണ്ണം 3,453 ആയി ഉയര്‍ത്തും. ആരോഗ്യ സേവന രംഗത്തെ അമരക്കാരെന്ന നിലയില്‍ കേരളത്തിന്റെ കഴിവില്‍ തങ്ങള്‍ക്കുള്ള വിശ്വാസത്തിന്റെ ഫലമായാണ് ഈ പദ്ധതി പ്രഖ്യാപിക്കുന്നതെന്ന് ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിയിൽ പങ്കെടുക്കവേ ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
വിദ്യാഭ്യാസത്തിന് ജര്‍മന്‍ സഹായം; സിനിമയില്‍ നോട്ടമിട്ട് മലേഷ്യ
കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ നിക്ഷേപമേഖലകളില്‍ ഉഭയകക്ഷി സഹകരണത്തിന്റെ സാധ്യതകള്‍ തുറന്ന് ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയില്‍ പങ്കാളിത്ത രാജ്യങ്ങളുടെ പ്രദര്‍ശനം. വിയറ്റ്നാം, ജര്‍മനി, മലേഷ്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണു പ്രദര്‍ശനമൊരുക്കിയിട്ടുള്ളത്.
വിജ്ഞാന സമ്പദ് വ്യവസ്ഥയെന്ന നിലയില്‍ കേരളത്തിന്റെ വിഭവശേഷി പ്രതീക്ഷയോടെയാണു കാണുന്നതെന്ന് ബംഗളൂരുവിലെ ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ അകിം ബുര്‍കാട്ട് പറഞ്ഞു. കേരളത്തില്‍നിന്നു ജര്‍മനിയിലേക്ക് തൊഴിലിനായി വരുന്നവര്‍ക്ക് നൈപുണ്യശേഷി കൂടുതലാണ്.
നൈപുണ്യശേഷിയും തൊഴിലധിഷ്ഠിത പാഠ്യവിഷയവും സംസ്ഥാനത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വ്യാപകമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് സാങ്കേതികമായ സഹായം നല്കാന് ജര്‍മനി ഒരുക്കമാണെന്നും ബുര്‍കാട്ട് വ്യക്തമാക്കി.
സ്റ്റാര്‍ട്ടപ്പ്, ടെക്നോളജി മേഖലകളില്‍ ഇന്ത്യയിലും ഓസ്ട്രേലിയയിലും മികച്ച ഉഭയകക്ഷി നിക്ഷേപ സാധ്യതയുണ്ടെന്ന് ചെന്നൈയിലെ ഓസ്ട്രേലിയന്‍ കോണ്‍സല്‍ ജനറല്‍ സിലായി സാക്കി പറഞ്ഞു.
സംസ്ഥാനത്തെ സിനിമാവ്യവസായത്തില്‍ നിക്ഷേപസാധ്യത പരിശോധിക്കുമെന്ന് ചെന്നൈയിലെ മലേഷ്യന്‍ കോണ്‍സുലേറ്റിലെ ട്രേഡ് കോണ്‍സല്‍ വാന്‍ അഹമ്മദ് ടാര്മിസി വാന്‍ ഇദ്രിസ് പറഞ്ഞു. കേരളവും മലേഷ്യയും തമ്മിലുള്ള ഏറ്റവും വലിയ വാണിജ്യസാധ്യത ടൂറിസത്തിലാണ്.
കേരളത്തില്‍നിന്ന് നിരവധി ടൂറിസ്റ്റുകള്‍ മലേഷ്യ സന്ദര്‍ശിക്കുന്നുണ്ട്. ഇന്‍വെസ്റ്റ് കേരളയ്ക്കുശേഷം മലേഷ്യന്‍ ടൂറിസ്റ്റുകള്‍ വ്യാപകമായി കേരളം സന്ദര്‍ശിക്കാനെത്തുമെന്നും അദ്ദേഹം പറഞ്ഞു.
"സൗഹൃദം’പറയുന്ന വ്യവസായ സ്റ്റാളുകള്‍
കൊച്ചി: 22 വര്‍ഷത്തിനിടെ കേരളം നാലാമത്തെ ആഗോള നിക്ഷേപക സംഗമം കൊച്ചിയില്‍ ഒരുക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും മികച്ച വ്യവസായസൗഹൃദ നഗരങ്ങളുടെ പട്ടികയില്‍ സംസ്ഥാനം ഇന്ന് മുന്നിലാണ്.
കറി പൗഡര്‍ കമ്പനി മുതല്‍ വിദേശത്തേക്ക് കയറ്റി അയയ്ക്കുന്ന ഡ്രോണുകള്‍ നിര്‍മിക്കുന്ന സ്റ്റാര്‍ട്ട്അപ്പുകള്‍ വരെ അണിനിരന്നിട്ടുള്ള പ്രദര്‍ശനസ്റ്റാളുകള്‍ ഇത് അടിവരയിടുന്നു.
105 പ്രദര്‍ശനസ്റ്റാളുകളാണ് ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്തിലെ ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ വേദിയില്‍ ഒരുക്കിയിട്ടുള്ളത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത്, ജലഗതാഗത രംഗത്തു വിപ്ലവം സൃഷ്ടിച്ച വാട്ടര്‍മെട്രോ എന്നിവയുടെ മാതൃകകളും നേട്ടങ്ങള്‍ നിരത്തുന്ന കൊച്ചി കപ്പല്‍ശാലയുടെ സ്റ്റാളും കേരളത്തിന്റെ അഭിമാനം ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പി ടിക്കുന്നവയാണ്.
ചെറുതും വലുതുമായി കേരളത്തിന്റെ ഐക്കണുകളായി മാറിയ വ്യവസായസ്ഥാപനങ്ങളും അവയുടെ സ്റ്റാളുകളും ഉത്പന്നങ്ങളും നിലവിലെ വ്യവസായ അന്തരീക്ഷവും വ്യക്തമാക്കുന്നവയാണ്.
മലയാളിയുടെ വസ്ത്രശേഖരത്തില്‍ ഇടം പിടിച്ച ഖാദിയും സംസ്ഥാനത്തെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം ശക്തവും കാര്യക്ഷമവുമാക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്കരിച്ച കെ- ഫോണ്‍, ഇന്ത്യയുടെ ആദ്യത്തെ ആഴക്കടല്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ഹബ്ബായ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് സ്റ്റാളും നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രദര്‍ശന നിരയില്‍ അണിനിരന്നിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ സ്ഥാപനങ്ങളായ കയര്‍ കോര്പറേഷന്, കെല്‍ട്രോണ്‍, ബാംബൂ മിഷന്, ഹാന്‍ടെക്സ്, കശുവണ്ടി വികസന കോര്പറേഷന്, കേരള സോപ്സ്എന്നിവയുടെ പ്രദര്‍ശനം പൊതുമേഖലാസ്ഥാപനങ്ങളുടെ കരുത്ത് വിളിച്ചോതുന്നു.