സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു
Saturday, February 22, 2025 2:23 AM IST
ചങ്ങനാശേരി: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ എ. വി. റസല്‍ (62) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സലായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലിരിക്കേ ഹൃദയാഘാതം മൂലമാണ് വിയോഗം.
ചെന്നൈയില്‍നിന്ന് ഇന്നു രാവിലെ ഒമ്പതിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം അവിടെ നിന്ന് ഉച്ചയ്ക്ക് 12ന് ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിക്കും. രണ്ടുവരെ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം.
മൂന്നുമുതല്‍ നാലുവരെ സിപിഎം ചങ്ങനാശേരി ഏരിയാ കമ്മിറ്റി ഓഫീസായ വിആര്‍ബി ഭവനില്‍ പൊതുദര്‍ശനത്തിന് ശേഷം മാടപ്പള്ളി തെങ്ങണാ കണ്ണവട്ടയിലുള്ള ഭവനത്തില്‍ എത്തിക്കും. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍.
ആറ് വര്‍ഷമായി കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ജില്ലാസെക്രട്ടറിയായിരുന്ന വി.എന്‍. വാസവന് നിയമസഭാംഗമായതോടെയാണ് റസലിനെ ജില്ലാ സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുത്തത്.
13 വര്‍ഷം ചങ്ങനാശേരി ഏരിയ സെക്രട്ടറിയായിരുന്നു. ചങ്ങനാശേരി അര്‍ബന്‍ ബാങ്ക് പ്രസിഡന്റായി പ്രവര്‍ത്തിച്ച ഇദ്ദേഹം 2006ല്‍ ചങ്ങനാശേരിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു.
2005ല്‍ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. ചങ്ങനാശേരി തെങ്ങണ ആഞ്ഞിലിമൂട്ടില്‍ എ.കെ. വാസപ്പന്റെയും പി. ശ്യാമയുടെയും മകനാണ്. ഭാര്യ: ബിന്ദു. മകള്‍: ചാരുലത എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ എച്ച്ആര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. മരുമകന്: അലന് ദേവ് ഹൈക്കോടതി അഭിഭാഷകന്.