പി.വി. അന്‍വറിന്റെ കെട്ടിടം; നാവികസേനയോട് ഹൈക്കോടതി വിശദീകരണം തേടി
Wednesday, February 5, 2025 4:01 AM IST
കൊച്ചി: കളമശേരിയില്‍ നാവികസേനയുടെ ആയുധസംഭരണ ശാലയ്ക്കു സമീപം മുന്‍ എംഎല്‍എ പി.വി. അന്‍വറിന്റെ പേരിലുള്ള ഏഴുനില കെട്ടിടം സംബന്ധിച്ച് ഹൈക്കോടതി നാവികസേനയോടു വിശദീകരണം തേടി.
അതീവ സുരക്ഷാമേഖലയില്‍ അനധികൃതമായാണു സപ്തനക്ഷത്ര ഹോട്ടല്‍ സൗകര്യത്തോടെ കെട്ടിടം നവീകരിച്ചതെന്നും കെട്ടിടം പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ കെ.വി. ഷാജി നല്കിയ ഹര്‍ജിയിലാണു ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസിന്റെ നിര്‍ദേശം. ഹര്‍ജി വീണ്ടും 25ന് പരിഗണിക്കും.
ഹര്‍ജിയില്‍ എന്എഡിയെയും അന്‍വറിന്റെ കമ്പനിയായ പീവീസ് റിയല്റ്റേഴ്സിനെയും ഹൈക്കോടതി നേരത്തേ കക്ഷിചേര്‍ത്തിരുന്നു.
നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ എന്‍എഡി എറണാകുളം കളക്ടര്‍ക്കും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും കത്ത് നല്‍കിയിരുന്നു. അതു പരിഗണിക്കാതെയാണ് നവീകരണം പൂര്‍ത്തീകരിച്ചതെന്നും ലഹരിപാര്ട്ടിയടക്കം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഈ കെട്ടിടത്തില്‍ നടക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. എന്നാല്‍ കെട്ടിടത്തിന് കൈവശാവകാശം നേടിയതും നവീകരിച്ചതും നിയമപരമായാണെന്നാണ് അന്‍വറിന്റെ വാദം.