സാങ്കേതിക സർവകലാശാല: രജിസ്ട്രാറുടെയും പരീക്ഷ കണ്ട്രോളറുടെയും പുനർനിയമന നിർദേശം തള്ളി വിസി
Wednesday, February 5, 2025 1:50 AM IST
തിരുവനന്തപുരം: കേരളാ സാങ്കേതിക സർവകലാശാല രജിസ്ട്രാർ ഡോ. എ. പ്രവീണിനും, പരീക്ഷാ കണ്ട്രോളർ ഡോ. അനന്ത രശ്മിക്കും പുനർനിയമനം നൽകണമെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.ശിവ പ്രസാദ് നിരാകരിച്ചു.
സർക്കാർ നിർദേശം നിയമപരമായി നടപ്പാക്കാൻ കഴിയില്ലെന്ന നിലപാടാണ് വൈസ് ചാൻസലർക്ക്. ഇക്കാര്യം ഉന്നതവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കും. സർവകലാശാല പരീക്ഷാ കണ്‍ട്രോളറുടെ കാലാവധി കഴിഞ്ഞ മാസം 24നും രജിസ്ട്രാറുടേത് ഇന്നലെയും അവസാനിച്ചിരുന്നു.
സാങ്കേതിക സർവകലാശാല നിയമപ്രകാരം സർവകലാശാല ആവശ്യപ്പെടുകയാണെങ്കിൽ സർക്കാർ അനുമതിയോടെ ഒരു തവണ പുനർനിയമനം നൽകുവാൻ വ്യവസ്ഥയുണ്ട്. എന്നാൽ, വിസി സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ട ശേഷം സിൻഡിക്കേറ്റ് അംഗങ്ങൾ യോഗം ചേർന്ന് പരീക്ഷ കണ്‍ട്രോളർക്കും രജിസ്ട്രാർക്കും പുനർ നിയമനം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചിരുന്നു. എന്നാൽ, സിൻഡിക്കേറ്റ് യോഗതീരുമാനങ്ങൾ വിസി റദ്ദാക്കി.
രജിസ്ട്രാർക്കും പരീക്ഷ കണ്‍ട്രോളർക്കും പുനർനിയമനം നൽകണമെന്ന റദ്ദാക്കിയ സിൻഡിക്കേറ്റിന്റെ തീരുമാനം വിസിയുടെ അനുമതി കൂടാതെ രജിസ്ട്രാർ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ അറിയിക്കുകയായിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ രണ്ടുപേർക്കും പുനർനിയമനത്തിനുള്ള അനുമതി നൽകിയത്. സർക്കാർ നിർദേശം തള്ളിയ വി.സി ജോയിന്റ് രജിസ്ട്രാർക്കും, ഡീനിനും ചുമതലകൾ കൈമാറാനും ഉത്തരവിട്ടു