മിഹിറിന്റെ മരണം: മാതാപിതാക്കൾ ഉന്നയിച്ച പരാതിയിൽ തെളിവില്ലെന്ന് സ്കൂൾ
Wednesday, February 5, 2025 1:51 AM IST
തൃപ്പൂണിത്തുറ: ഫ്ലാറ്റിൽനിന്നു ചാടി വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർഥിക്കെതിരേ വാർത്താക്കുറിപ്പുമായി തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ. മരിച്ച മിഹിർ അഹമ്മദ് സ്കൂളിലെ സ്ഥിരം പ്രശ്നക്കാരനാണെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.
കുട്ടി മുന്പ് പഠിച്ചിരുന്ന സ്കൂളിലുണ്ടായ പ്രശ്നത്തിന്റെ പേരിൽ ടിസി നൽകിയതാണെന്നും ഒരു ചാൻസ് എന്ന രീതിയിൽ തങ്ങൾ അഡ്മിഷൻ നൽകുകയായിരുന്നുവെന്നുമാണ് അറിയിപ്പിലുള്ളത്.
ജനുവരി 14 ന് മിഹിർ ഉൾപ്പെട്ട വിദ്യാർഥികൾ ഒരു കുട്ടിയെ മർദിച്ചതായും ഇതിന്റെ പേരിൽ മിഹിറിന്റെ മാതാപിതാക്കളെ സ്കൂളിലേക്ക് വിളിപ്പിച്ചിരുന്നതായും വാർത്താക്കുറിപ്പിൽ പറയുന്നു.
സ്കൂളിൽ വിദ്യാർഥി നേരിട്ടതായി മാതാപിതാക്കൾ ഉന്നയിച്ച പരാതിയിൽ ആരോപണവിധേയരായ കുട്ടികൾക്കെതിരേ നടപടിയെടുക്കാൻ തെളിവുകൾ ഇല്ലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.
ക്ലോസറ്റിൽ തല താഴ്ത്തിവച്ച് ഫ്ലഷ് ചെയ്യിപ്പിച്ചതായും മറ്റും പറഞ്ഞ് മിഹിറിന്റെ അമ്മ നൽകിയ പരാതിയെ സംബന്ധിച്ച് കുറിപ്പിൽ പരാമർശമൊന്നുമില്ല. മിഹിർ നവംബർ നാലിന് സ്കൂളിൽ ചേർന്ന് ജനുവരി 15 വരെ ആകെ 39 പ്രവൃത്തിദിവസങ്ങളിലാണ് സ്കൂളിലുണ്ടായിരുന്നത്. അതിൽ ക്രിസ്മസ് അവധിയും ഉൾപ്പെടുമെന്നും കുറിപ്പിൽ പറയുന്നു.