കുരുമുളക് പറിക്കുന്നതിനിടെ ഭർത്താവ് കിണറ്റിൽ വീണു; രക്ഷിക്കാനിറങ്ങിയ ഭാര്യയും; കരയ്ക്കെത്തിച്ച് അഗ്നിരക്ഷാസേന
Wednesday, February 5, 2025 4:00 AM IST
പിറവം: കുരുമുളക് പറിക്കുന്നതിനിടെ കിണറ്റിൽ വീണ ഭർത്താവിനെ രക്ഷിക്കാൻ സാഹസികമായി കയറിൽ തൂങ്ങി ഭാര്യയുമിറങ്ങി. ഒടുവിൽ ഇരുവരെയും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തി കരയ്ക്കെത്തിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ പിറവം പള്ളിക്കാവ് പാറേക്കുന്ന് ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം.
ഇലഞ്ഞിക്കാവിൽ വീട്ടിൽ രമേശനും (64) ഭാര്യ പത്മവും (56) വീടിനു പുറകിലെ മരത്തിൽ കയറി കുരുമുളക് പറിക്കുന്നതിനിടെയാണ് രമേശൻ കിണറ്റിൽ വീണത്. കിണറിനോടു ചേർന്നുള്ള മുരിങ്ങയിൽ ഗോവണി ചാരിവച്ച് കുരുമുളക് പറിക്കുന്നതിനിടെ മരം ഒടിഞ്ഞ് രമേശൻ കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു.
പത്മം ഉടനെ കയറിൽ തൂങ്ങി കിണറ്റിലേക്കിറങ്ങി. കുറച്ചിറങ്ങിയപ്പോഴേക്കും കയറിൽനിന്നു പിടിവിട്ട് പത്മവും കിണറ്റിലേക്ക് വീണു. അഗ്നിരക്ഷാസേന എത്തുന്നതുവരെ അവശനിലയിലായ രമേശനെ പത്മം താങ്ങിപ്പിടിച്ചു നിന്നു. അഗ്നിരക്ഷാസേന വല ഉപയോഗിച്ച് ഇരുവരെയും കരയ്ക്കെത്തിക്കുകയായിരുന്നു.