കോഴിക്കോട് നഗരത്തില്‍ സ്വകാര്യ ബസ് മറിഞ്ഞ് 55 പേര്‍ക്കു പരിക്ക്
Wednesday, February 5, 2025 4:00 AM IST
കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തില്‍ അരയിടത്തുപാലത്തിനു സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് 55 പേര്‍ക്ക് പരിക്കേറ്റു.
ബസിടിച്ചു പരിക്കേറ്റ ബൈക്ക് യാത്രക്കാരന്റെ നില ഗുരുതരമാണ്. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍നിന്ന് മേല്‍പ്പാലത്തിലൂടെ മെഡിക്കല്‍ കോളജ് ഭാഗത്തേക്കു പോകുകയായിരുന്ന കെഎല്‍ 12 സി 6676 നമ്പര്‍ ലിയാഖത്ത് ബസ് അരയിടത്തുപാലം മേല്‍പ്പാലം കഴിയുന്ന ഭാഗത്തു വച്ചാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. ഇന്നലെ വൈകുന്നേരം 4.10 ഓടെയായിരുന്നു അപകടം.
എതിര്‍ദിശയില്‍ വരികയായിരുന്ന ബൈക്കില്‍ ഇടിച്ചശേഷമാണു ബസ് മറിഞ്ഞത്. ബൈക്ക് യാത്രക്കാരനായ കൊമ്മേരി സ്വദേശി മുഹമ്മദ് ഷാനിഫിനെ (27) ഗുരുതര പരിക്കുകളോടെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
ബസിന്റെ അമിതവേഗമാണ് അപകടത്തിനു കാരണമായതെന്നാണു മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം.
പരിക്കേറ്റവരിലധികവും സ്ത്രീകളാണ്. നാട്ടുകാരും പോലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചത്. 43 പേര് സ്വകാര്യ ആശുപത്രിയിലും 12 പേര് മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്. നിസാര പരിക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്കുശേഷം ഡിസ്ചാര്‍ജ് ചെയ്തു.
അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടകാരണം പരിശോധിക്കുകയാണെന്നും ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.