വാൽപ്പാറയിൽ ആനയുടെ ആക്രമണത്തിൽ വിദേശി മരിച്ചു
Wednesday, February 5, 2025 4:01 AM IST
തൃശൂർ: തമിഴ്നാട് വാൽപ്പാറയിൽ ആനയുടെ ആക്രമണത്തിൽ വിദേശി മരിച്ചു. വിനോദ സ
ഞ്ചാരത്തിനു വാൽപ്പാറയിൽ എത്തിയ ജർമൻ സ്വദേശി മൈക്കിൾ (60) ആണു കൊല്ലപ്പെട്ടത്.
ബൈക്കിൽ സഞ്ചരിക്കുന്പോൾ ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. ടൈഗർവാലി വ്യൂപോയിന്റിനു സമീപം ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.
റോഡിൽ വഴിമുടക്കി നിന്ന കാട്ടാനയെ കണ്ടിട്ടും ബൈക്കുമായി മുന്നോട്ടുപോയ മൈക്കിളിനെ ആന കൊന്പിൽ കോർത്ത് എറിയുകയായിരുന്നെന്നാണു വിവരം. ഈവഴി വന്ന യാത്രക്കാർ ബഹളംവച്ചതോടെ കൂടുതൽ ആക്രമണത്തിനു മുതിരാതെ ആന പിൻവാങ്ങി.
ഗുരുതര പരിക്കേറ്റ മൈക്കിളിനെ വാൽപ്പാറ എസ്റ്റേറ്റ് ആശുപത്രിയിലെത്തിച്ചു പ്രഥമശുശ്രൂഷ നൽകിയശേഷം പൊള്ളാച്ചി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചു. മൃതദേഹം പൊള്ളാച്ചി ആശുപത്രിയിൽ.