കാൻസർ രോഗസാധ്യതയുള്ള മുഴുവൻ പേരെയും കണ്ടെത്തി ചികിത്സ ഉറപ്പാക്കും: മുഖ്യമന്ത്രി
Wednesday, February 5, 2025 1:50 AM IST
തിരുവനന്തപുരം: ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ കാമ്പയിന്റെ ഭാഗമായി വരുന്ന ഒരു വർഷംകൊണ്ട് സംസ്ഥാനത്തെ ജനങ്ങളിലെ കാൻസർ രോഗസാധ്യത കണ്ടെത്തുന്നതിനും ആരംഭഘട്ടത്തിൽ തന്നെ അവർക്ക് ചികിത്സ ഉറപ്പാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
രോഗത്തെക്കുറിച്ചുള്ള അജ്ഞത, ചികിത്സാ ചെലവ് തുടങ്ങിയ നിരവധി കാരണങ്ങളാൽ പലരും നേരത്തെ രോഗസാധ്യത കണ്ടെത്തുന്നതിനും, ചികിത്സ തേടുന്നതിനും തയാറാകുന്നില്ല.
കേരളം പോലെയൊരു സമൂഹത്തിലാണ് ഇതെന്നത് ഗൗരവമായി കാണേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ കാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാർ, സ്വകാര്യ, സഹകരണ മേഖലകൾ, സന്നദ്ധപ്രവർത്തകർ, തുടങ്ങി നാടിന്റെ എല്ലാ കേന്ദ്രങ്ങളെയും സഹകരിപ്പിച്ചാണ് ഈ കാമ്പയിൻ സംഘടിപ്പിക്കുക. ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് ഇതിനായി ആസൂത്രണം ചെയ്തിട്ടുള്ളത്.
കാൻസർ കേസുകൾ കൂടി വരുന്നതയാണ് കാണുന്നത്. സ്തനാർബുദം കാരണമുള്ള മരണം കൂടുതലായും കാണുന്നു. സ്ത്രീകളിലുണ്ടാകുന്ന കാൻസറുകൾ നേരത്തെ കണ്ടെത്താവുന്നതും ചികിത്സിച്ച് ഭേദമാക്കാവുന്നതുമാണ്. പലപ്പോഴും ഇതുണ്ടാകുന്നില്ല എന്നതാണ് ഗൗരവമായ കാര്യം. ഇത് തിരിച്ചറിഞ്ഞാണ് ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ എന്ന കാമ്പയിന്റെ ആദ്യഘട്ടം സ്ത്രീകൾക്കായി മാറ്റിവച്ചത്.
ലോക കാൻസർ ദിനമായ ഫെബ്രുവരി നാലിന് ആരംഭിച്ച് അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിന് അവസാനിക്കും വിധമാണ് ആദ്യഘട്ട കാമ്പയിൻ വിഭാവനം ചെയ്തിട്ടുള്ളത്. ആരോഗ്യ മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.