സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച; വ്യവസായ നിക്ഷേപം മുഖ്യ പ്രഖ്യാപനം
Wednesday, February 5, 2025 4:01 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: സാന്പത്തിക പ്രതിസന്ധി മറികടക്കാൻ വ്യവസായ നിക്ഷേപ പദ്ധതികളെ ആകർഷിക്കാനുള്ള പ്രഖ്യാപനങ്ങളാകും രണ്ടാം പിണറായി സർക്കാരിന്റെ അവസാന സന്പൂർണ ബജറ്റിലെ മുഖ്യ ഘടകം.
വിഴിഞ്ഞം രാജ്യാന്തര തുറമുഖ വികസന പദ്ധതിയെ അടിസ്ഥാനപ്പെടുത്തിയുള്ള നിക്ഷേപ പദ്ധതികൾ ആകർഷിക്കുന്നതിനായി ഒട്ടേറെ ഇളവുകളും ഏഴിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റിലുണ്ടാകും.
വൻകിട പദ്ധതികളിൽ വരുമാനം വർധിപ്പിക്കാനുള്ള നിർദേശങ്ങളും ബജറ്റിലുണ്ടാകും. നികുതിയേതര വരുമാനത്തിൽ ഉൾപ്പെടുന്ന കോടതി ഫീസുകളും മറ്റും വർധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം ബജറ്റിലുണ്ടാകും.
കോടതി ഫീസുകളുടെ പരിഷ്കരണത്തെക്കുറിച്ചു പഠിക്കാൻ സർക്കാർ നിയോഗിച്ച റിട്ട. ജസ്റ്റീസ് വി.കെ. മോഹനൻ സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാകും കോടതി ഫീസുകളിൽ കാലോചിതമായ മാറ്റം പ്രഖ്യാപിക്കുക. 20 വർഷത്തിനു ശേഷം കോടതി ഫീസുകളുമായി ബന്ധപ്പെട്ടു വലിയ മാറ്റം വേണമെന്ന റിപ്പോർട്ടാണ് സമിതി സമർപ്പിച്ചത്.
ബജറ്റ് തയാറാക്കുന്ന നടപടികൾ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഏതാണ്ട് പൂർത്തിയാക്കി. വെള്ളിയാഴ്ച രാവിലെ ഒൻപതിന് അവതരിപ്പിക്കും. വരുന്നത് തെരഞ്ഞെടുപ്പുകളുടെ വർഷമായതിനാൽ നികുതി- നികുതിയേതര വരുമാനത്തിൽ വീണ്ടും വൻ വർധന പ്രഖ്യാപിച്ചാൽ തിരിച്ചടിയുണ്ടാകുമോ എന്ന ആശങ്കയുണ്ട്. എന്നാൽ, ചില മേഖലകളിൽ വർധനയുണ്ടാകുമെന്നാണ് ധനവകുപ്പ് അധികൃതർ നൽകുന്ന സൂചന.
സർക്കാർ ജീവനക്കാരുടെ ശന്പളപരിഷ്കരണത്തെക്കുറിച്ചു പഠിക്കാൻ കമ്മീഷനെ നിയോഗിക്കുമോ എന്നതാണ് ജീവനക്കാരും പെൻഷൻകാരും ഉറ്റുനോക്കുന്ന പ്രധാന ഇനം. ശന്പള പരിഷ്കരണം ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിക്കുമോ എന്നത് ഇനിയും വ്യക്തമല്ല.
രണ്ടാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശന്പളപരിഷ്കരണം നടപ്പാക്കേണ്ടതുണ്ട്.
സാമൂഹിക സുരക്ഷാ പെൻഷൻ 2500 രൂപയാക്കി ഉയർത്തുമെന്ന പ്രഖ്യാപനത്തോടെയാണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയത്. നിലവിൽ 1600 രൂപയാണ് ക്ഷേമപെൻഷൻ. ഈ തുക ഉയർത്തണമെന്ന വാദം ശക്തമാണെങ്കിലും സാന്പത്തിക പ്രതിസന്ധിയുടെ പേരിൽ ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്.
സംസ്ഥാനത്തിന്റെ വരുമാനം വർധിക്കാത്ത സാഹചര്യത്തിൽ ക്ഷേമപെൻഷൻ തുകയിൽ വർധന വരുത്തുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല.