ഉത്സവത്തിന് എത്തിച്ച ആനയിടഞ്ഞ് യുവാവിനെ കുത്തിക്കൊന്നു
Wednesday, February 5, 2025 4:19 AM IST
എളവള്ളി (തൃശൂർ): ചിറ്റാട്ടുകര പൈങ്കണിക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ച ആനയിടഞ്ഞ് യുവാവിനെ കുത്തിക്കൊന്നു. ആനയുടെ ആക്രമണത്തിൽ പാപ്പാനും പരിക്കേറ്റിട്ടുണ്ട്. ആലപ്പുഴ മുഹമ്മ സ്വദേശിയായ ആനന്ദ് (42) ആണു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം.
ഉത്സവത്തിന് എഴുന്നള്ളിക്കുന്നതിനു മുൻപായി ചിറ്റിലപ്പിള്ളി ഗണേശൻ എന്ന ആനയെ കുളിപ്പിച്ച് ക്ഷേത്രത്തിലേക്കു കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെയാണ് ആന അനുസരണക്കേട് കാട്ടുകയും ഇടഞ്ഞോടുകയും ചെയ്തത്. പാപ്പാൻ കുനിശേരി രാജേഷിനെ ആന തട്ടിവീഴ്ത്തി. തുടർന്ന് ആന ചിറ്റാട്ടുകര ഭാഗത്തേക്ക് ഓടി.
ഉത്സവപ്പറന്പിൽ കച്ചവടം നടത്തുന്നതിനായി എത്തിയ ആനന്ദും കുടുംബവും കടവല്ലൂർ റെയിൽവേ ഗേറ്റിന് സമീപത്തുള്ള ഒഴിഞ്ഞ പറമ്പിൽ വിശ്രമിക്കുന്നുണ്ടായിരുന്നു. ഇടഞ്ഞോടിയ ആന റെയിൽവേ ഗേറ്റിനു സമീപമെത്തിയശേഷം ഈ പറമ്പിലേക്കിറങ്ങി. ആനയെ കണ്ടതോടെ അവിടെയുണ്ടായിരുന്നവർ ഓടിമാറിയെങ്കിലും അസുഖബാധിതനായ ആനന്ദിനു മാറാൻ കഴിഞ്ഞില്ല.
ഇയാളെ തട്ടിയിട്ട ആന രണ്ടുതവണ കുത്തിയെന്ന് ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങൾ പറഞ്ഞു. പരിക്കേറ്റ ആനന്ദിനെ ഉടൻ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.
ആനന്ദിനെ ആക്രമിച്ചശേഷം ഒരു കിലോമീറ്ററോളം ഓടിയ ആനയെ കണ്ടാണശേരിയിൽ വച്ച് എലിഫന്റ് സ്ക്വാഡും മറ്റു പാപ്പാന്മാരുംചേർന്ന് തളച്ചു. പിന്നീട് ലോറിയിൽ കയറ്റി സ്ഥലത്തുനിന്നു മാറ്റി.
ആനന്ദിന്റെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നേതൃത്വത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.