മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സമ്പൂര്‍ണ കാന്‍സര്‍ ചികിത്സാകേന്ദ്രം ഈ വര്‍ഷം തുടങ്ങും
Wednesday, February 5, 2025 1:51 AM IST
പാലാ: ലോക കാന്‍സര്‍ ദിനാചരണത്തിന്റെ ഭാഗമായി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ കാന്‍ ഹെല്പ് പദ്ധതിപ്രകാരം രോഗം അതിജീവിച്ചവരുടെയും രോഗികളുടെയും സംഗമം നടത്തി. മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്തു.
ആരോഗ്യപരിപാലനരംഗത്ത് ഉന്നത നിലവാരത്തിലുള്ള ചികിത്സ ഒരുക്കുന്ന മാര്‍ സ്ലീവാ മെഡിസിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് ഏറെ ഗുണകരമാകുന്നതായി മന്ത്രി പറഞ്ഞു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.
കാന്‍സര്‍ ചികിത്സയ്ക്കുള്ള ഏറ്റവും ആധുനിക ചികിത്സാ സൗകര്യങ്ങളോടെയാണ് മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റർ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്നതെന്നു അദ്ദേഹം പറഞ്ഞു.
കോട്ടയം, ഇടുക്കി,പത്തനംതിട്ട തുടങ്ങിയ മലയോര ജില്ലയിലെ ജനങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ആധുനിക ചികിത്സ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന സെന്റര്‍ സെപ്റ്റംബര്‍ മാസത്തോടെ പ്രവര്‍ത്തനം തുടങ്ങും.
കാന്‍സര്‍ ചികിത്സയ്ക്കുള്ള സമ്പൂര്‍ണ ചികിത്സാ കേന്ദ്രമായി ഇതോടെ മാര്‍ സ്ലീവാ മെഡിസിറ്റി മാറുമെന്നും ബിഷപ് പറഞ്ഞു.
ഓങ്കോളജി വിഭാഗം ഹെഡും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. റോണി ബെന്‍സണ്‍ വകുപ്പിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ജോസഫ് കണിയോടിക്കല്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കോമഡോര്‍ ഡോ. പോളിന് ബാബു, അഭിജിത്ത് ഷാജി, ജോണ്‍ പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.