പെരിയ കേസ് അപ്പീൽ; കൊലയാളികളോട് സിപിഎമ്മിന് കൂറെന്ന് സുധാകരൻ
Tuesday, December 31, 2024 1:09 AM IST
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലയിൽ അപ്പീൽ പോകുന്നതു കൊലയാളികളോടുള്ള സിപിഎം കൂറാണു വ്യക്തമാക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.
സിപിഎമ്മുകാരായ പ്രതികൾക്കെതിരെ കുറ്റം തെളിഞ്ഞിട്ടും അവരെ സംരക്ഷിക്കാനായി മേൽക്കോടതിയിലേക്കു പോകുമെന്നു സിപിഎമ്മിന്റെ പ്രഖ്യാപനം കൊലയാളികളോടുള്ള പാർട്ടിക്കൂറ് അരക്കിട്ടുറപ്പിക്കുന്നതാണ്.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയും കൊടുംക്രിമിനലുമായ കൊടി സുനിക്ക് മനുഷ്യാവകാശ കമ്മീഷനെ മറയാക്കി സർക്കാർ ഒരു മാസത്തെ പരോൾ അനുവദിച്ചതു പാർട്ടിക്കുള്ള ക്രിമിനൽ ബന്ധത്തിനു മറ്റൊരു തെളിവാണെന്നും അദ്ദേഹം പറഞ്ഞു.