കൊടി സുനിക്ക് 30 ദിവസം പരോൾ, വിവാദം
Tuesday, December 31, 2024 1:10 AM IST
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്ക് ഒരു മാസത്തെ പരോള്‍ അനുവദിച്ച് ജയിൽ വകുപ്പ്. കൊടി സുനിയുടെ അമ്മ നല്കിയ അപേക്ഷ പരിഗണിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണു ജയില്‍ ഡിജിപി 30 ദിവസത്തെ പരോള്‍ അനുവദിച്ചത്.
മകനെ കാണുന്നതിനായി പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് അമ്മ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അനുകൂല നടപടി സ്വീകരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ജയില്‍ ഡിജിപിക്ക് കത്ത് നല്‍കുകയായിരുന്നു. ഇതോടെ മലപ്പുറം തവനൂര്‍ ജയിലില്‍നിന്ന് കഴിഞ്ഞ ശനിയാഴ്ച കൊടി സുനി പുറത്തിറങ്ങി.
അതേസമയം, പോലീസ് റിപ്പോര്‍ട്ട് എതിരായിട്ടും ജയില്‍ ഡിജിപി പരോള്‍ അനുവദിക്കുകയായിരുന്നുവെന്ന ആരോപണം ശക്തമായിട്ടുണ്ട്. തൃശൂർ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലായിരുന്ന കൊടി സുനിയെ ജയിലിലുണ്ടായ സംഘർഷത്തെത്തുടർന്ന് 2023 നവംബറിലാണ് തവനൂർ ജയിലിലേക്കു മാറ്റിയത്.
കൊടി സുനിയുടെ പരോൾ സ്വാഭാവിക നടപടി മാത്രമാണെന്നാണ് ജയില്‍ വകുപ്പിന്റെ വിശദീകരണം. പ്രതികള്‍ക്കു പരോളിന് അര്‍ഹതയുണ്ട്. 60 ദിവസത്തെ സാധാരണ പരോളിനും 45 ദിവസത്തെ പ്രത്യേക പരോളിനും ഇവര്‍ക്ക് അര്‍ഹതയുണ്ട്. ഇതനുസരിച്ചുള്ള അപേക്ഷയിലാണ് ജയില്‍ ഉപദേശക സമിതിയുടെ തീരുമാനമെന്നും ജയില്‍ വകുപ്പ് അറിയിച്ചു.
ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതിയും കൊടുംക്രിമിനലുമായ കൊടി സുനിക്ക് ഒരു മാസത്തെ പരോള്‍ നല്കിയ സര്‍ക്കാര്‍ തീരുമാനം നിയമസംവിധാനങ്ങളോടും നിയമവാഴ്ചയോടുമുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. അമ്മ അസുഖബാധിതയാണെന്നതിന്റെ പേരില്‍ സ്ഥിരം കുറ്റവാളിയായ ഒരാള്‍ക്ക് ഒരു മാസത്തെ പരോള്‍ അനുവദിച്ചത് ദുരൂഹമാണ്.
ടി.പി. വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കവെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ കൊടി സുനി ഒരു മാസത്തെ പരോള്‍ കാലയളവില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ലെന്ന് എന്ത് ഉറപ്പാണ് ആഭ്യന്തര വകുപ്പിനുള്ളതെന്നും സതീശൻ ചോദിച്ചു.
കൊടി സുനിക്ക് എങ്ങനെ ഒരു മാസത്തെ പരോൾ അനുവദിച്ചുവെന്ന് ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ എംഎൽഎ ചോദിച്ചു. പോലീസ് റിപ്പോർട്ട് കിട്ടിയിട്ടുണ്ടോ?. അമ്മയ്ക്കു കാണാനാണെങ്കിൽ പത്തു ദിവസം പോരെ?. ഇത്തരമൊരു ക്രിമിനൽ ഒരു മാസം നാട്ടിൽ നിന്നാൽ എന്തു സംഭവിക്കും?. ആഭ്യന്തര വകുപ്പ് അറിയാതെ ജയിൽ ഡിജിപിക്കു മാത്രമായി പരോൾ അനുവദിക്കാനാകില്ല. നിയമവിദഗ്ധരുമായി ആലോചിച്ച് നടപടികളിലേക്ക് കടക്കുമെന്നും കെ.കെ. രമ പറഞ്ഞു.