അടുത്ത വർഷം 200 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ
Tuesday, December 31, 2024 1:10 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: രാജ്യത്ത് അടുത്ത വർഷം 200 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിക്കാൻ റെയിൽവേ മന്ത്രാലയം നടപടികൾ ആരംഭിച്ചു.വന്ദേഭാരത് ചെയർ കാറുകൾ വൻ വിജയമായതിനെ തുടർന്നാണ് അതിവേഗ ട്രെയിനുകളുടെ 200 പതിപ്പുകൾ അവതരിപ്പിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ 10 റേക്കുകളുടെ നിർമാണം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ആരംഭിച്ചു കഴിഞ്ഞു.അതേസമയം ചെന്നൈ ഐസിഎഫിൽ നിർമിച്ച വന്ദേ സ്ലീപ്പർ ട്രെയിനിന്റെ ആദ്യ റേക്ക് സിമുലേഷൻ പരിശോധകൾക്കായി പുറത്തിറക്കി. പരമാവധി 180 കിലോമീറ്റർ വേഗത്തിൽ ഓടുന്ന തരത്തിലാണ് ആദ്യ വന്ദേ സ്ലീപ്പർ ട്രെയിൻ രൂപകൽപ്പന ചെയ്തിട്ടുള്ളത്.
ക്ലാസ് ഒന്ന്, രണ്ട്, മൂന്ന് കോൺഫിഗറേഷനുകളിലുള്ള 16 കോച്ചുകളാണ് വന്ദേ സ്ലീപ്പറിൽ ഉള്ളത്. ഇപ്പോൾ നടന്നുവരുന്ന പരീക്ഷണങ്ങൾ പൂർത്തിയായ ശേഷമായിരിക്കും വണ്ടിയുടെ കമ്മീഷനിംഗും ട്രയൽ റണ്ണും വേഗതയും നിശ്ചയിക്കുക.
പ്രഥമ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ റിപ്പബ്ലിക് ദിനത്തിൽ സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ റെയിൽവേ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവിൽ 136 വന്ദേഭാരത് ചെയർകാർ എക്സ്പ്രസ് ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്.
കേരളത്തിന് വീണ്ടും കുംഭമേള സ്പെഷൽ
കൊല്ലം: മഹാകുംഭമേള പ്രമാണിച്ച് കേരളത്തിന് രണ്ടാമതൊരു ദ്വൈവാര സ്പെഷൽ ട്രെയിൻ കൂടി അനുവദിച്ച് റെയിൽവേ. നേരത്തേ കൊച്ചുവേളി - ബനാറസ് റൂട്ടിൽ പ്രതിവാര എക്സ്പ്രസ് ട്രെയിനാണ് അനുവദിച്ചിരുന്നത്. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള സർവീസ് കൊച്ചുവേളി - ഗയ ജംഗ്ഷൻ റൂട്ടിലാണ്.
06021 കൊച്ചുവേളി - ഗയ സർവീസ് ജനുവരി ഏഴ്, 21, ഫെബ്രുവരി നാല് തീയതികളിൽ കൊച്ചുവേളിയിൽനിന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പുറപ്പെട്ട് മൂന്നാം ദിവസം പുലർച്ചെ 1.30ന് ഗയ ജംഗ്ഷനിൽ എത്തും.
തിരികെയുള്ള 06022 ഗയ - കൊച്ചുവേളി സ്പെഷൽ ജനുവരി 10, 24, ഫെബ്രുവരി ഏഴ് തീയതികളിൽ ഗയ ജംഗ്ഷനിൽ നിന്ന് രാത്രി 11.55ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 10.15ന് കൊച്ചുവേളിയിൽ എത്തും. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം, ആലുവ, തൃശൂർ, പാലക്കാട് ജംഗ്ഷൻ എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.