ദിവ്യ ഉണ്ണി ബ്രാന്‍ഡ് അംബാസഡര്‍
Tuesday, December 31, 2024 1:10 AM IST
കൊച്ചി: മൃദംഗനാദം എന്നപേരില്‍ നടി ദിവ്യ ഉണ്ണിയെ ബ്രാന്‍ഡ് അംബാസഡറാക്കിയാണ് നൃത്ത പരിപാടി സംഘടിപ്പിച്ചത്.
ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യമിട്ടു നടത്തിയ പരിപാടിയില്‍ കേരളത്തിനു പുറമെ വിവിധ രാജ്യങ്ങളില്‍നിന്നടക്കം നര്‍ത്തകര്‍ പങ്കെടുത്തിരുന്നു. മൃദംഗനാദത്തില്‍ പങ്കാളികളായ ഗുരുക്കന്മാരുടെ കീഴില്‍ ഭരതനാട്യം അഭ്യസിച്ചുവന്ന 12,000 നര്‍ത്തകരാണ് നൃത്തം ചെയ്തത്.
ഒരു മാസത്തോളം നീണ്ട പരിശീലനത്തിനൊടുവിലാണ് പരിപാടിയില്‍ നര്‍ത്തകര്‍ പങ്കെടുത്തത്. ചലച്ചിത്ര, സീരിയല്‍ താരങ്ങളായ ദേവി ചന്ദന, ഉത്തര ഉണ്ണി, ഋതു മന്ത്ര, പാരിസ് ലക്ഷ്മി തുടങ്ങിയവരും അവരുടെ ശിഷ്യരും മൃദംഗനാദത്തില്‍ പങ്കാളികളായിരുന്നു.
കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് എട്ടു മിനിറ്റ് നീണ്ട നൃത്ത പരിപാടിയുടെ ഗാനം രചിച്ചത്. ദീപാങ്കുരന് സംഗീതസംവിധാനം നിര്‍വഹിച്ച ഗാനം അനൂപ് ശങ്കറാണ് ആലപിച്ചത്. ദിവ്യ ഉണ്ണിയായിരുന്നു കൊറിയോഗ്രഫി.
ലീഡ് നര്‍ത്തകിയും ദിവ്യ ഉണ്ണി തന്നെയായിരുന്നു. മന്ത്രി സജി ചെറിയാനാണു പരിപാടി ഉദ്ഘാടനം ചെയ്തത്. 10,176 നര്‍ത്തകരുടെ ഭരതനാട്യം അവതരണത്തിനായിരുന്നു ഇതുവരെ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്. ഞായറാഴ്ച ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റിട്ടും പരിപാടി മുന്നോട്ടുപോയി. ഒടുവില്‍ ഗിന്നസ് റിക്കാര്‍ഡ് നേട്ടം സ്വന്തമാക്കുകയും ചെയ്തു.