50 ലക്ഷം കവർന്ന സംഘത്തിലെ അഞ്ചുപേർ പിടിയിൽ
Tuesday, December 31, 2024 1:09 AM IST
മരട്: സ്വകാര്യ ധനകാര്യ സ്ഥാപനത്തിനു മുന്നിൽ പണമിടപാടിനെത്തിയ നാലുപേരെ മുഖത്ത് കുരുമുളക് സ്പ്രേയടിച്ച് ആക്രമിച്ചശേഷം കാറിൽനിന്നു 50 ലക്ഷം രൂപ തട്ടിയെടുത്ത് കടന്ന സംഘത്തിലുൾപ്പെട്ട അഞ്ചുപേരെ മരട് പോലീസ് കൊടൈക്കനാലിൽനിന്നു പിടികൂടി.
ഇരിങ്ങാലക്കുട ചക്കരപ്പാടം പടിയൂർ കോഴിപ്പറമ്പിൽ നന്ദു എന്നും ബജിമോൻ എന്നും വിളിക്കുന്ന അനന്തു (26), കൊടുങ്ങല്ലൂർ കാര ഇടവിലങ്ങ് നടുമുറി അച്ചു എന്ന അക്ഷയ് (26), കൊടുങ്ങല്ലൂർ പനങ്ങാട് എ.കെ.ജി.നഗർ അയനിപ്പുള്ളി വീട് അനു (31), കൊടുങ്ങല്ലൂർ ശാന്തിപുരം പുതുമനപ്പറമ്പ് എസ്എൻ.പുരം ഇലഞ്ഞിക്കൽ വീട് വിനു എന്നു വിളിക്കുന്ന വിനോദ് ഇ.എ (31), കൊടുങ്ങല്ലൂർ ശാന്തിപുരം പുതുമനപ്പറമ്പ് എസ്എൻ പുരം കുറത്തിരി ഹൗസ് വൈശാഖ് (30) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 19 ന് ചമ്പക്കര പാലത്തിനടുത്തുള്ള സ്ഥാപനത്തിൽ ഇടപാടിനെത്തിയ എറണാകുളം കൃഷ്ണ കൃപയിൽ അബിജു സുരേഷിന്റെയും സുഹൃത്തുക്കളുടെയും മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് ഇവർ രക്ഷപ്പെടുകയായിരുന്നു.