അമറിന്റെ സംസ്കാരം നടത്തി
Tuesday, December 31, 2024 1:09 AM IST
തൊടുപുഴ: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട തൊടുപുഴ മുള്ളരിങ്ങാട് അമയൽതൊട്ടി പാലിയത്ത് അമർ ഇബ്രാഹിമിന്റെ (22) മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഞായറാഴ്ച രാത്രി വൈകി പോസ്റ്റുമാർട്ടം നടത്തിയ മൃതദേഹം ഇന്നലെ പുലർച്ചെ നാലോടെയാണ് വീട്ടിലെത്തിച്ചത്.
തുടർന്ന് മുള്ളരിങ്ങാട് ജുമാ മസ്ജിദിൽ കബറടക്കം നടത്തി. മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ പി.ജെ.ജോസഫ്, ആന്റണി ജോണ്, മാത്യു കുഴൽനാടൻ എന്നിവർ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് മുള്ളരിങ്ങാട് ചുള്ളിക്കണ്ടം ഫോറസ്റ്റ് സെക്ഷൻ ഓഫീസിലേയ്ക്ക് ഡീൻ കുര്യാക്കോസ് എംപി, ആന്റണി ജോണ് എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ ബഹുജന മാർച്ചും സംഘടിപ്പിച്ചു.
വിവിധ രാഷ്ട്രീയ, സാമൂഹ്യ, സമുദായ സംഘടനാ നേതാക്കളും നൂറുകണക്കിന് ജനങ്ങളും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.
അമറിന്റെ മരണത്തിൽ പ്രതിഷേധിച്ച് ഇന്നലെ വണ്ണപ്പുറം പഞ്ചായത്തിൽ യുഡിഎഫും എൽഡിഎഫും ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു.