ചരിത്രത്തിലേക്ക് വളയംപിടിച്ച കന്യാസ്ത്രീ
Tuesday, December 31, 2024 1:09 AM IST
ഷൈബിന് ജോസഫ്
കാഞ്ഞങ്ങാട്: തിരുനാൾ പ്രദക്ഷിണത്തിന് ഗായകസംഘവുമായി പോകുന്ന ജീപ്പും വീട്ടിലെ ലോറിയുമൊക്കെ അനായാസം ഓടിച്ചുപോകുന്ന കന്യാസ്ത്രീയെ കണ്ട് അദ്ഭുതത്തോടെ നാട്ടുകാര്‍ പറയുമായിരുന്നു: “പെണ്ണുങ്ങള് എല്ലായിടത്തുമുണ്ട്. പക്ഷേ അയലാറ്റിലെ പെണ്ണാണ് പെണ്ണ്’’. പുരുഷന് ചെയ്യുന്ന ഏതൊരു ജോലിയും സ്ത്രീകള്‍ക്കും ചെയ്യാന്‍ കഴിയുന്നതേയുള്ളൂവെന്ന് കഴിഞ്ഞ ദിവസം അന്തരിച്ച ദീനസേവനസഭാംഗം സിസ്റ്റര്‍ ഫ്രാൻസിസ് തന്റെ ജീവിതംകൊണ്ട് തെളിയിച്ചു.
ക്നാനായ കത്തോലിക്കര്‍ കാസര്‍ഗോഡ് ജില്ലയിലെ രാജപുരത്തേക്ക് നടത്തിയ ഐതിഹാസികമായ കുടിയേറ്റത്തിലാണ് സിസ്റ്ററിന്റെ കുടുംബം കോളിച്ചാല്‍ പതിനെട്ടാംമൈലില്‍ എത്തിച്ചേരുന്നത്. അയലാറ്റില്‍ മത്തായി-അന്നമ്മ ദമ്പതികളുടെ 11 മക്കളില്‍ രണ്ടാമത്തെ മകളായാണ് മേരിയുടെ ജനനം. ആറു കിലോമീറ്ററോളം ചെരുപ്പ് പോലുമില്ലാതെ നടന്നുപോയാണ് രാജപുരം ഹോളിഫാമിലി സ്കൂളില്‍ പത്താംക്ലാസ് വരെ പഠിച്ചത്.
പത്താംക്ലാസ് പാസായി കന്യാസ്ത്രീ ആവുകയായിരുന്നു ജീവിതാഭിലാഷം. എന്നാല്‍ പത്താംക്ലാസ് തോറ്റതോടെ ആ സ്വപ്നത്തിനുമേല്‍ കരിനിഴല്‍ വീണു. അക്കാലത്താണ് പാവങ്ങളുടെ അമ്മ എന്നറിയപ്പെടുന്ന ജര്‍മന്‍ സ്വദേശിനി മദര്‍ പേത്ര കണ്ണൂര്‍ പട്ടുവത്ത് ദീനസേവനസഭ ആരംഭിക്കുന്നത്. അവിടെ പത്താംക്ലാസില്‍ തോറ്റവരെയും എടുക്കുന്നുണ്ടെന്ന വിവരം അറിഞ്ഞതോടെ ദീനസേവനസഭ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. ദീനസേവനസഭയുടെ രണ്ടാമത്തെ ബാച്ചില്‍ പ്രവേശനം നേടിയത് ജീവിതത്തില്‍ വഴിത്തിരിവായി.
വിശുദ്ധ ഫ്രാന്‍സിസ് അസീസിയോടുള്ള സ്നേഹം ഫ്രാന്‍സിസ് എന്ന പേര് തെരഞ്ഞെടുക്കാന്‍ പ്രചോദനമായി. തിരുവനന്തപുരം ലയോള കോളജില്‍ നിന്ന് സ്പോക്കണ് ഇംഗ്ലീഷില്‍ ഒരുമാസത്തെ കോഴ്സ് പൂര്‍ത്തിയാക്കിയശേഷം ഒരു വർഷത്തെ തിയോളജി പഠനത്തിന് ഗോവയിലേക്ക് പോയി. 96 വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്ന ബാച്ചില്‍ ഒന്നാം റാങ്കോടെയാണ് സിസ്റ്റര്‍ ഫ്രാന്‍സിസ് പാസായത്.
ഡ്രൈവിംഗ് സീറ്റിലേക്ക്
പട്ടുവത്തേക്ക് തിരിച്ചെത്തിയശേഷം ഡ്രൈവിംഗ് പഠിക്കാനായാണ് മദര്‍ പേത്ര സിസ്റ്റര്‍ ഫ്രാന്‍സിസിനെ നിയോഗിച്ചത്. അക്കാലത്ത് സ്ത്രീകള്‍ ഡ്രൈവിംഗ് പഠിക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായിരുന്നു. എന്നാല്‍ 1975ല്‍ സിസ്റ്റര്‍ ഡ്രൈവിംഗ് ടെസ്റ്റ് ആദ്യശ്രമത്തില്‍തന്നെ പാസായി.
ദീനസേവനസഭയിലെ അനാഥാലയത്തിലെ അസുഖബാധിതരായ കുട്ടികളെ ആശുപത്രിയിലെത്തിക്കാനായി സ്വന്തമായി ആംബുലന്‍സ് ഉണ്ടായിരുന്നു. ആംബുലന്‍സ് അടക്കമുള്ള വലിയ വാഹനങ്ങള്‍ ഓടിക്കാന്‍ ബാഡ്ജ് ആവശ്യമാണെന്ന് പിന്നീടാണ് അറിയുന്നത്. കോഴിക്കോട് നടന്ന ടെസ്റ്റില്‍ ഹെവി ഡ്രൈവിംഗ് ലൈസന്‍സ് നേടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയായി സിസ്റ്റര്‍ ഫ്രാന്‍സിസ് മാറി.
ആന്ധ്രയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ സിസ്റ്റര്‍ ഫ്രാന്‍സിസ് പലവട്ടം മരണത്തെ മുഖാമുഖം കണ്ടു. എന്നാല്‍ താന്‍ ഡ്രൈവിംഗ് സീറ്റിലിരിക്കേ ഒപ്പമുള്ളവര്‍ക്ക് ഒരു പോറല്‍ പോലുമേല്ക്കാന് സിസ്റ്റര്‍ സമ്മതിച്ചില്ല. എല്ലാവരെയും സരക്ഷിതമായി തിരിച്ചെത്തിക്കുന്നത് തന്റെ ഉത്തരവാദിത്വമാണെന്ന് സിസ്റ്റര്‍ വിശ്വസിച്ചിരുന്നു.
പട്ടിണിയും പകര്‍ച്ചവ്യാധികളും നടമാടുന്ന ഖമ്മം ജില്ലയിലെ ജോജിപേട്ടില് മരുന്നും ഭക്ഷണവും എത്തിച്ചുകൊടുക്കുകയും അവിടുത്തെ കുട്ടികളെ പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന ഒരുകാലം. സായുധരായ കൊള്ളസംഘങ്ങള്‍ക്ക് കുപ്രസിദ്ധമായിരുന്നു ഈ മേഖല. അതിനാല്‍ നേരമിരുട്ടിക്കഴിഞ്ഞാല്‍ യാത്ര പാടില്ലെന്ന് സിസ്റ്റര്‍മാര്‍ക്ക് നേരത്തേ നിര്‍ദേശം ലഭിച്ചിരുന്നു. എന്നാല്‍ ഒരിക്കല്‍ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ പോയി മടങ്ങിവന്നപ്പോള്‍ വൈകി. ജീപ്പിലായിരുന്നു സിസ്റ്റര്‍ ഫ്രാന്‍സിസിന്റെയും യാത്ര. പിറകെ നിന്നും ചീറിപ്പാഞ്ഞുവന്ന ജീപ്പ് റോഡിനു കുറുകെ നിര്‍ത്തിയിട്ടു.
കൊള്ളസംഘമാണെന്ന് മനസിലായതോടെ ഒപ്പമുണ്ടായിരുന്ന കന്യാസ്ത്രീകള്‍ പേടിച്ചുവിറച്ചെങ്കിലും ജീപ്പോടിക്കുന്ന സിസ്റ്റര്‍ ഫ്രാന്‍സിസിന് യാതൊരു കുലുക്കവുമുണ്ടായിരുന്നില്ല. സിസ്റ്റര്‍ പറഞ്ഞു, “നിങ്ങള്‍ ധൈര്യമായിട്ടിരുന്നോ... എന്തുസംഭവിച്ചാലും നമ്മള് വണ്ടി നിര്‍ത്താന്‍ പോകുന്നില്ല.’’ സിസ്റ്റര്‍ റോഡിനു വെളിയിലൂടെ വണ്ടിയെടുത്ത് കുതിച്ചുപാഞ്ഞു. അങ്ങനെയൊരു നീക്കം പ്രതീക്ഷിക്കാതിരുന്ന കൊള്ളസഘം ജീപ്പിനുനേരേ കരിങ്കല്ലുകളെടുത്ത് എറിഞ്ഞെങ്കിലും ഒരാള്‍ക്കും ഒരു പോറല്‍ പോലുമേല്‍ക്കാതെ സിസ്റ്റര്‍ സുരക്ഷിതസ്ഥാനത്തെത്തിച്ചു.