വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമെന്ന് കേന്ദ്രസർക്കാർ
Tuesday, December 31, 2024 1:10 AM IST
തിരുവനന്തപുരം: വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. രാജേഷ് ഗുപ്ത സംസ്ഥാന റവന്യു, ദുരന്ത നിവാരണ, ഭവന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, പ്രത്യേക ധനസഹായം പ്രഖ്യാപിച്ചിട്ടില്ല. ദുരന്തനിവാരണ നിധിയിൽനിന്ന് ആവശ്യത്തിനു പണം നൽകി എന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുക, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു കൂടുതൽ പണം നൽകുക, ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുക, പുനർനിർമാണത്തിനു പ്രത്യേക ധനസഹായ പാക്കേജ് അനുവദിക്കുക എന്നീ നാല് ആവശ്യങ്ങളാണു കേരളം കേന്ദ്രത്തെ അറിയിച്ചത്.
ജൂലൈ അവസാനമുണ്ടായ ദുരന്തത്തിൽ മാസങ്ങൾക്കു ശേഷമാണ് അതിതീവ്ര ദുരന്തമായി കേന്ദ്രം പ്രഖ്യാപിക്കുന്നത്.