ഉമ തോമസിന് വീണു പരിക്കേറ്റ സംഭവം; ഇവന്റ് മാനേജർ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ
Tuesday, December 31, 2024 1:10 AM IST
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ് പാലാരിവട്ടം റിനൈ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എ വെന്റിലേറ്ററില്‍ തുടരുന്നു. അപകടനില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെങ്കിലും കാര്യമായ മാറ്റമുണ്ടെന്നു മെഡിക്കല്‍ സംഘം അറിയിച്ചു.
തലയുടെ പരിക്ക് കൂടുതല്‍ ഗുരുതരമായിട്ടില്ല. എന്നാല്‍, ശ്വാസകോശത്തിലെ ചതവുകള്‍ അല്പം കൂടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുറച്ചു ദിവസംകൂടി വെന്റിലേറ്ററില്‍ തുടരേണ്ടിവരുമെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. ശ്വാസകോശത്തിന്റെ ചതവ് ഭേദമാക്കാൻ ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ നൽകിവരുന്നു.
വയറിലെ സ്കാനിംഗിലും കൂടുതല്‍ പ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. രോഗിയുടെ വൈറ്റല്‍സ് സ്റ്റേബിള്‍ ആണെങ്കിലും ശ്വാസകോശത്തിന് ഏറ്റ ഗുരുതരമായ ചതവുകാരണം കുറച്ചു ദിവസം കൂടി വെന്റിലേറ്ററില്‍ തുടരേണ്ട സാഹചര്യമുണ്ട്. രോഗിയുടെ അവസ്ഥ മെച്ചപ്പെട്ടതിനുശേഷം ആവശ്യമെങ്കില്‍ ചികിത്സാ നടപടിക്രമങ്ങള്‍ സ്വീകരിക്കാവുന്നതാണെന്നും മെഡിക്കല്‍ സംഘം മാധ്യമങ്ങളോട് പറഞ്ഞു.