ശ്രീനാരായണ ഗുരു ആധുനിക മതേതര സമൂഹത്തിന് അടിത്തറയിട്ട ആചാര്യൻ: മന്ത്രി എം.ബി. രാജേഷ്
Tuesday, December 31, 2024 1:09 AM IST
ശിവഗിരി: ആധുനിക മതനിരപേക്ഷ, ജനാധിപത്യ സമൂഹത്തിന് അടിത്തറയിട്ട ആചാര്യനായിരുന്നു ശ്രീനാരായണഗുരു എന്ന് മന്ത്രി എം.ബി. രാജേഷ്. അരുവിപ്പുറം പ്രതിഷ്ഠയിലൂടെ അദ്ദേഹം ആധുനിക കേരളത്തിനു ശിലാസ്ഥാപനം നടത്തുകയായിരുന്നുവെന്നും അദ്ദേഹം വിശദമാക്കി.
92-ാമത് ശിവഗിരി തീർഥാടന മഹാമഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി രാജേഷ്. നവോത്ഥാനത്തിന് തുടർച്ചയുണ്ടായത് അരുവിപ്പുറം പ്രതിഷ്ഠയിലൂടെയാണ്. രാജ്യത്തിനുള്ള വെളിച്ചം കൂടിയായിരുന്നു അത്. പ്രതിഷ്ഠയ്ക്കു ശേഷം അദ്ദേഹം അവിടെ എഴുതിവച്ചത് സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് എന്നാണ്. ആ സ്ഥാനം കേരളത്തിന് ഇപ്പോഴും നിലനിർത്താൻ സാധിക്കുന്നുണ്ട്.
അന്ന് ഗുരു രേഖപ്പെടുത്തിയ സോദരത്വേന എന്ന ആശയം പിൽക്കാലത്ത് ഭരണഘടനയിൽ വന്നു. ഗുരു തെളിയിച്ച വഴികളിലൂടെയാണ് കേരളം സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി രാജേഷ് ചൂണ്ടിക്കാട്ടി.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ, അടൂർപ്രകാശ് എംപി, മുൻകേന്ദ്ര മന്ത്രി വി. മുരളീധരൻ, വി.ജോയി എംഎൽഎ, ശിവഗിരി തീർഥാടന കമ്മിറ്റി ചെയർമാൻ കെ. മുരളീധരൻ, വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി, തീർഥാടന കമ്മിറ്റി വർക്കിംഗ് ചെയർമാൻ കെ.ജി.ബാബുരാജ്, സ്വാമി വിശാലാനന്ദ, സ്വാമി ശങ്കരാനന്ദ തുടങ്ങിയവർ പ്രസംഗിച്ചു. തീർഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതവും ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ നന്ദിയും പറഞ്ഞു.