ഇ- സര്‍ട്ടിഫിക്കറ്റ് നടപ്പാക്കും: മന്ത്രി അബ്ദു റഹിമാന്‍
Tuesday, December 31, 2024 1:09 AM IST
കൊച്ചി: കേന്ദ്ര സിലബസിലെ ഉള്‍പ്പെടെ സ്കൂള്‍ കായികമേളകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇ-സര്‍ട്ടിഫിക്കറ്റ് അടുത്തവര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് കായികമന്ത്രി വി. അബ്ദു റഹിമാന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ച ഇ- സര്‍ട്ടിഫിക്കറ്റ് ഉന്നതപഠനം, തൊഴില്‍ എന്നിവയ്ക്ക് പ്രയോജനകരവും അവസരവുമാകുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്കൂള്‍ കേരളയും സംയുക്തമായി സംഘടിപ്പിച്ച സെന്‍ട്രല്‍ സ്കൂള്‍ സംസ്ഥാന കായികമേള ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഡിജിറ്റല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്‍കും.
വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മുഴുവന്‍ കായികമത്സരങ്ങളുടെയും വിവരങ്ങള്‍ ഐഡി നമ്പറില്‍ ശേഖരിക്കും. മുന്‍കാല നേട്ടങ്ങളും ഉള്‍പ്പെടുത്തും.
ഉന്നത പഠനത്തിനും തൊഴിലിനും അപേക്ഷിക്കുമ്പോള്‍ ഐഡി ഉപയോഗിച്ച് മുഴുവന്‍ വിവരങ്ങളും ആധികാരികമായി നല്കാന് കഴിയും. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ ചര്‍ച്ചയില്‍ ഇ- സര്ട്ടിഫിക്കേഷന് നല്‍കുന്നതിന് തത്വത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.