ഭരണപരിഷ്കാര കമ്മീഷൻ ശിപാർശ തള്ളി ; പെൻഷൻ പ്രായം ഉയർത്തില്ല
Thursday, November 28, 2024 3:01 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തണമെന്ന ഭരണപരിഷ്കാര കമ്മീഷൻ ശിപാർശ അംഗീകരിക്കേണ്ടതില്ലെന്നു മന്ത്രിസഭാ യോഗ തീരുമാനം.
പെൻഷൻ പ്രായം ഉയർത്തണമെന്ന നാലാം ഭരണപരിഷ്കാര കമ്മീഷന്റെ ശിപാർശകൾ പരിശോധിക്കാൻ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശിപാർശകളാണു ഭേദഗതികളോടെ മന്ത്രിസഭാ യോഗം അംഗീകരിച്ചത്.
കേരള സർവീസ് റൂൾസ്, കെഎസ് ആൻഡ് എഎസ്എസ്ആർ, കോണ്ടാക്ട് റൂൾസ് എന്നിവ സംയോജിപ്പിച്ച് കേരള സിവിൽ സർവീസ് കോഡ് രൂപവത്കരിക്കും. ഇതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിനെ ചുമതലപ്പെടുത്തി.
സബോർഡിനേറ്റ് സർവീസിലും സ്റ്റേറ്റ് സർവീസിലും പ്രൊബേഷൻ ഒരു തവണ മാത്രമാകും. എല്ലാ വകുപ്പുകളും രണ്ടു വർഷത്തിനകം വിശേഷാൽ ചട്ടങ്ങൾ രൂപവത്കരിക്കുന്നതിനു നിർദേശം നൽകും.
പ്രത്യേക ലക്ഷ്യത്തോടെ സൃഷ്ടിക്കുന്ന തസ്തികകൾ ലക്ഷ്യം പൂർത്തിയായാൽ അവസാനിപ്പിക്കും. ഈ വകുപ്പിലെ ജീവനക്കാരെ ആവശ്യമായ മറ്റു വകുപ്പുകളിലേക്കു പുനർവിന്യസിക്കും. സ്ഥലമാറ്റം സംബന്ധിച്ച തർക്കം പരിഹരിക്കാൻ സർവീസ് സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി സംയുക്ത സമിതി രൂപവത്കരിക്കും.
ഏതെങ്കിലും തസ്തികയിലേക്കു സ്ഥാനക്കയറ്റം ലഭിക്കാൻ പ്രത്യേകമായ പരിജ്ഞാനം ആവശ്യമാണെങ്കിൽ അത് ആർജിക്കാൻ അർഹതാപരീക്ഷ നടത്താനുള്ള ശിപാർശ അംഗീകരിച്ചു. നിയമനാധികാരി എല്ലാ വർഷവും ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യണം. റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ റദ്ദ് ചെയ്യരുത്. തസ്തികകൾ ഒഴിവു വരുന്ന ദിവസം പ്രധാനമായി പരിഗണിക്കണം.
റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളിൽ എംപ്ലോയ്മെന്റ് നിയമനം പാടില്ല. ഓരോ തസ്തികയിലെയും ഒഴിവ് സ്പാർക്ക് മുഖേന ലഭ്യമാക്കണം. പെൻഷനാകുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ലഘൂകരിക്കും.
സെക്രട്ടേറിയറ്റിലെ ലിങ്ക് ഓഫീസ് സംവിധാനം എല്ലാ ഓഫീസിലും ഏർപ്പെടുത്തും. ബൈ ട്രാൻസ്ഫർ മുഖേനയുള്ള എല്ലാ നിയമനങ്ങളും പിഎസ്സി നടത്തുന്ന തെരഞ്ഞെടുപ്പു പ്രക്രിയയുടെ ഭാഗമാക്കണം. റാങ്ക് ലിസ്റ്റിന്റെ കാലാവധി, തസ്തികയിലേക്കുള്ള മുഖ്യലിസ്റ്റിന്റെ കാലാവധി കഴിയുന്പോൾ അവസാനിക്കണം.
ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളിൽ നിയമനം വേഗത്തിലാക്കാൻ അംഗപരിമിതർക്കനുസൃതമായി അനുയോജ്യമായ തസ്തികകളെയും യോഗ്യതകളെയും സംബന്ധിച്ച് വ്യക്തത വരുത്തണം.
എല്ലാ ജീവനക്കാർക്കും വാർഷിക ആരോഗ്യ പരിശോധന ഏർപ്പെടുത്തും. വിരമിക്കുന്നതിന് ഒരു മാസം മുന്പ് ജീവനക്കാരന്റെ പേരിലുള്ള അച്ചടക്കനടപടി പൂർത്തീകരിക്കണമെന്നും ശിപാർശയിലുണ്ട്.