വിഴിഞ്ഞം തുറമുഖം : സപ്ലിമെന്ററി കണ്സഷൻ കരാർ ഒപ്പുവച്ചു
Friday, November 29, 2024 2:58 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ സപ്ലിമെന്ററി കണ്സഷൻ കരാർ സംസ്ഥാന സർക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും ഒപ്പു വച്ചു. ആദ്യ കരാർ അനുസരിച്ചു ലഭിക്കുന്നതിനേക്കാൾ കൂടുതൽ വരുമാനം ലഭ്യമാവുന്ന നിലയിലാണ് ഇപ്പോൾ ധാരണയിൽ എത്തിയിരിക്കുന്നത്. പഴയ കരാർ പ്രകാരം തുറമുഖം പ്രവർത്തനം ആരംഭിച്ചതിനുശേഷം 15-ാം വർഷം മുതലാണു സർക്കാരിനു തുറമുഖ വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുക.
വിവിധ കാരണങ്ങളാൽ പദ്ധതി പൂർത്തീകരണം വൈകിയ സാഹചര്യത്തിൽ വരുമാന വിഹിതം 2039 മുതൽ മാത്രം അദാനി ഗ്രൂപ്പ് നൽകിയാൽ മതിയായിരുന്നു മുൻ കരാർ. എന്നാൽ, ഇപ്പോൾ എത്തിച്ചേർന്ന ധാരണ പ്രകാരം 2034 മുതൽ തന്നെ തുറമുഖത്തിൽനിന്നും വരുമാനത്തിന്റെ വിഹിതം സർക്കാരിന് ലഭിക്കുമെന്നു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
പഴയ കരാർ പ്രകാരം തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിലെ വരുമാനം അടിസ്ഥാനപ്പെടുത്തിയായിരുന്നു സർക്കാരിനു വിഹിതം നൽകുക. എന്നാൽ, തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും നിർമാണം 2028-ൽ പൂർത്തീകരിക്കുന്നതിനാൽ നാലുഘട്ടങ്ങളുംകൂടി പ്രവർത്തിക്കുന്പോൾ ലഭിക്കുന്ന വരുമാനത്തിന്റെ ലാഭവിഹിതമായിരിക്കും അദാനി കന്പനി സർക്കാരിന് 2034 മുതൽ നൽകുകയെന്നും മന്ത്രി വാസവൻ പറഞ്ഞു.
ഈ രീതിയിൽ നിർമാണം പൂർത്തികരിക്കുന്നതനുസരിച്ചു തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവർഷം 30 ലക്ഷം കണ്ടെയ്നറായിരിക്കും. ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതു വഴി തുറമുഖത്തിന്റെ ശേഷി പ്രതിവർഷം 45 ലക്ഷം വരെ ഉയരും.
2028-ൽ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ സ്ഥാപിത ശേഷിയുള്ള കണ്ടെയ്നർ ടെർമിനൽ ആയി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറുമെന്നും മന്ത്രി പറഞ്ഞു.