ആർഎസ്എസ് നേതാവിനെ എഡിജിപി കണ്ടതിൽ തെറ്റില്ലെന്ന് ഇ.പി. ജയരാജൻ
Friday, November 29, 2024 2:58 AM IST
നീലേശ്വരം: സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടതിലും സംസാരിച്ചതിലും തെറ്റൊന്നുമില്ലെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ.
എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളുമായും കൂടിക്കാഴ്ച നടത്തുന്നത് എഡിജിപിയുടെ ചുമതലയുടെ ഭാഗമാണെന്നു സിപിഎം നീലേശ്വരം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇ.പി. ജയരാജൻ പറഞ്ഞു.
രാഷ്ട്രീയപാർട്ടി നേതാക്കൾ പരസ്പരം കണ്ട് സംസാരിക്കുന്നതിലും തെറ്റൊന്നും പറയാനാകില്ല. സിപിഎമ്മുമായി ബന്ധമുള്ള ആരെങ്കിലും ആർഎസ്എസ് നേതാവിനെ കണ്ടാലുടൻ അത് അന്തർധാരയാണെന്നു പറയുന്നതിൽ അർഥമില്ല.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മാർക്സിസ്റ്റ് വിരുദ്ധ അപസ്മാരം ബാധിച്ചിരിക്കുകയാണെന്ന് ഇ.പി. പറഞ്ഞു. തൃശൂരിൽ 86,985 വോട്ട് യുഡിഎഫിനു കുറഞ്ഞപ്പോൾ എൽഡിഎഫിന് 16,226 വോട്ട് വർധിക്കുകയായിരുന്നു. ഇതിനെയല്ലേ അന്തർധാരയെന്നു പറയേണ്ടതെന്ന് ഇ.പി. ചോദിച്ചു.
മുഖ്യമന്ത്രിക്കു നേരെ ഇവരുടെ അക്രമം തുടങ്ങിയിട്ട് കാലമെത്രയായി. കേരളത്തെ വികസനപാതയിലേക്കു നയിക്കുന്ന പാർട്ടിയെ തകർക്കണമെങ്കിൽ നേതാക്കളെ തകർക്കണമെന്ന ലക്ഷ്യത്തോടെയാണു കോൺഗ്രസും ബിജെപിയും കരുനീക്കുന്നത്. ഇത് തിരിച്ചറിയാൻ പാർട്ടി പ്രവർത്തകർക്കു കഴിയണമെന്നും ഇ.പി. ജയരാജൻ പറഞ്ഞു.